| Wednesday, 12th July 2023, 1:49 pm

അര്‍ജന്റീനയില്‍ മെസി കഴിഞ്ഞാല്‍ ഭയക്കേണ്ടത് ആരെ? മറുപടിയുമായി നതാന്‍ ആക്കെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റൈന്‍ ടീമില്‍ ലയണല്‍ മെസി കഴിഞ്ഞാല്‍ എതിരാളികള്‍ ഭയക്കേണ്ട താരം ജൂലിയന്‍ അല്‍വാരസ് ആണെന്ന് നതാന്‍ ആക്കെ. കളത്തില്‍ മികച്ച ഫോം പുറത്തെടുന്ന അല്‍വാരസിനെ നേരിടുക പ്രയാസമായിരിക്കുമെന്നും എന്നാല്‍ അദ്ദേഹം പൊതുവെ ശാന്ത സ്വഭാവക്കാരനാണെന്നും ആക്കെ പറഞ്ഞു.

‘ഒരു കളിക്കാരനെന്ന നിലയില്‍ വളരെയധികം സാങ്കേതികത്വം പുലര്‍ത്തുന്ന, പരിശീലനത്തില്‍ വരെ മാര്‍ക്ക് ചെയ്യാന്‍ പ്രയാസമുള്ള, വളരെയധികം കൂര്‍മതയും മികച്ച ഫിനിഷിങ്ങുമുള്ള താരമാണ് അല്‍വാരസ്.

മികച്ച കളിക്കാരനായ അല്‍വാരസിനെ നേരിടുക പ്രയാസമായിരിക്കും. എന്നാല്‍ അവന്‍ പൊതുവെ ശാന്ത സ്വഭാവക്കാരനാണ്,’ ആക്കെ വ്യക്തമാക്കി.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അല്‍വാരസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ടൈറ്റിലും എഫ്.എ കപ്പും പേരിലാക്കിയ മാന്‍ സിറ്റി ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം കൊയ്തിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡ് നേട്ടത്തോടൊപ്പം 23ാം വയസില്‍ തന്റെ ഫുട്‌ബോള്‍ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് അല്‍വാരസ്. 2022ല്‍ ലോകകപ്പ് ചാമ്പ്യനായ അല്‍വാരസ് രാജ്യത്തിനായി കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടം നേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇവക്ക് പുറമെ അര്‍ജന്റൈന്‍ പ്രൈമേര, കോപ്പ ലിബര്‍ട്ടാഡോറസ്, കോപ്പ അര്‍ജന്റീന, സൂപ്പര്‍കോപ്പ അര്‍ജന്റീന, ട്രോഫി ഡി കാമ്പന്യോസ്, റീകോപ്പ സുഡാമെറിക്കാന എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അല്‍വാരസ് നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉയര്‍ത്താനും താരത്തിന് സാധിച്ചു.

ഖത്തര്‍ ലോകപ്പില്‍ അര്‍ജന്റീനക്കായി മെസിക്ക് പിന്നാലെ കൂടുതല്‍ ഗോള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് അല്‍വാരസ്. അര്‍ജന്റീനയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിക്കാനും താരത്തിനായിട്ടുണ്ട്. തന്റെ ആദ്യ വേള്‍ഡ് കപ്പില്‍ തന്നെ നാല് ഗോളുകള്‍ പേരിലാക്കാന്‍ അല്‍വാരസിന് സാധിച്ചിരുന്നു.

Content Highlights: Nathan Ake praises Julian Alvarez

We use cookies to give you the best possible experience. Learn more