ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരിക്കുകയാണ് കിരീട ഫേവറിറ്റുകളായ ടീം അര്‍ജന്റീന. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അടിപതറിയിരുന്നെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് മെസിയും സംഘവും പുറത്തെടുത്തത്.
പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് അര്‍ജന്റീനയുടെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. മെസിയും ജൂലിയോ അല്‍വാരസുമായിരുന്നു അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.
ലൗറ്റാരോ മാര്‍ട്ടിനസായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ സ്ഥിരമായി ഇടം പിടിച്ചിരുന്നതെങ്കിലും ലോകകപ്പില്‍ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
തുടര്‍ന്ന് രണ്ട് മാച്ചുകളില്‍ കോച്ച് സ്‌കലോണി, അല്‍വാരസിന് അവസരം നല്‍കുകയും താരം അത് ഉപയോഗപ്പെടുത്തുകയുമായിരുന്നു.
ഡിസംബര്‍ ഒമ്പതിന് ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സ് അര്‍ജന്റീനയോട് ഏറ്റുമുട്ടാനിരിക്കെ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നഥാന്‍ ആക്കെ.
നെതര്‍ലാന്‍ഡ്‌സിന് ഭീഷണിയാകുന്നത് ലയണല്‍ മെസി മാത്രമല്ലെന്നും അല്‍വാരസ് കൂടിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അല്‍വാരസിന്റെ സഹതാരം കൂടിയാണ് ആക്കെ.
‘ഒരു കളിക്കാരനെന്ന നിലയില്‍ വളരെയധികം സാങ്കേതികത്വം പുലര്‍ത്തുന്ന, പരിശീലനത്തില്‍ വരെ മാര്‍ക്ക് ചെയ്യാന്‍ പ്രയാസമുള്ള, വളരെയധികം കൂര്‍മതയും മികച്ച ഫിനിഷിങ്ങുമുള്ള താരമാണ് അല്‍വാരസ്.
മികച്ച കളിക്കാരനായ അല്‍വാരസിനെ നേരിടുക പ്രയാസമായിരിക്കും. എന്നാല്‍ അവന്‍ പൊതുവെ ശാന്ത സ്വഭാവക്കാരനാണ്,’ ആക്കെ വ്യക്തമാക്കി.
അതേസമയം 2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല. അന്ന് ഏറ്റുമുട്ടിയതാകട്ടെ ലോകകപ്പിന്റെ സെമി ഫൈനലിലും.
2010ല്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാന്‍ ഒരുങ്ങിയെത്തിയ ഹോളണ്ടിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് അര്‍ജന്റീനയായിരുന്നു.
ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്.
Content Highlights: Nathan Ake about Julian Alvarez