ന്യൂദല്‍ഹി: ദല്‍ഹി കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും പിഞ്ച്ര തോഡ് പ്രവര്‍ത്തകയുമായ നടാഷ നര്‍വാളിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു.
ശാസ്ത്രജ്ഞനും സി.പി.ഐ.എം മുതിര്‍ന്ന അംഗവുമായ മഹാവീര്‍ നര്‍വാളാണ് മരിച്ചത്. കൊവിഡ് ബാധിച്ച് റോഹ്തക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഹാവീര്‍ മരിച്ചത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടാഷ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. നടാഷയുടെ സഹോദരനും കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
ജയിലില്‍ കഴിയുന്ന നടാഷയ്ക്ക് എല്ലാ പിന്തുണയും നല്‍കിയ പിതാവായിരുന്നു മഹാവീര്‍.
‘എവിടെ ആളുകള്‍ കഷ്ടപ്പെടുന്നുവോ അവിടെ എന്റെ മകളെത്തും. അവളെ ഓര്‍ത്ത് അഭിമാനമുണ്ട്. ജയിലില്‍ കഴിയുന്നതിനെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ല. എന്റെ മകള്‍ അതിനെ പോസിറ്റീവായി നേരിടുകയും കൂടുതല്‍ ശക്തയായി തിരിച്ചെത്തുകയും ചെയ്യും’, എന്നായിരുന്നു ഒരിക്കല്‍ മഹാവീര്‍ നടാഷയെപ്പറ്റി പറഞ്ഞത്.
ദല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടാഷ 2020 മെയ് മുതല്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ദല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസ് ഇവര്‍ക്കെതിരേ കേസെടുത്തത്.
അതേസമയം കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം ഇടത് പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ ഉന്നയിച്ചിരുന്നു.
നടാഷയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതും, അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ പോലും അനുവദിക്കാത്തതും മോദി സര്‍ക്കാരിന്റെ ക്രിമിനല്‍ നടപടിയാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.
മഹാമാരി കാലത്ത് രാഷ്ട്രീയ തടവുകാരെ തടവറയില്‍ നിന്ന് മോചിപ്പിക്കാത്തത് ഭീകരമായ അനീതിയാണെന്നാണ് സി.പി.ഐ.എം.എല്‍ നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ കവിത കൃഷ്ണന്‍ പറഞ്ഞത്.
അവസാനമായി പിതാവിനെ ഒന്നു കാണാന്‍ പോലും അനുവദിക്കാതെ ഒരു മകളെ ഒരു വര്‍ഷമായി ജയിലില്‍ അടയ്ക്കുക…ഇത് ഭീകരമായ അനീതിയാണെന്ന്, സി.പി.ഐ.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക