| Friday, 5th April 2013, 12:00 pm

ആമേനിലെ ഫ്രഞ്ചുക്കാരി മുംബൈയിലെ ജേണലിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആമേനിലെ ഫ്രഞ്ചുക്കാരി മിഷേല്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ താരം ഫ്രഞ്ചുകാരിയല്ലെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമായിരിക്കും.

എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം. മുംബൈയിലെ ജേണലിസ്റ്റായ നടാഷ ആമേനിലെ കഥാപാത്രമാകുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. നടാഷയെ സംവിധായകന്‍ ലിജോ ജോസ് തന്നെയാണ് കണ്ടെത്തിയത്. []

ജേണലിസ്റ്റായിരുന്ന നടാഷ, ബിജോയ് നമ്പ്യാരുടെ സ്‌ക്രിപ്റ്റ് അസോസിയേറ്റായാണ് സിനിമയിലേയ്ക്കു വരുന്നത്. സെയ്താന്‍ എന്ന സിനിമയില്‍ സഹകരിച്ച നടാഷ വിക്രം നായകനായ ഡേവിഡില്‍ ബിജോയ്‌ക്കൊപ്പം കോ റൈറ്ററായിരുന്നു.

“”ലിജോ വന്നു ആമേന്റെ കഥ പറഞ്ഞപ്പോള്‍ ഒത്തിരി ഇഷ്ടപ്പെട്ടു. എന്നെകൊണ്ട് ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. നല്ല ചിത്രമാകുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ ഹിറ്റാകുമെന്ന് പ്രതിക്ഷിച്ചിരുന്നില്ല.

കേരളം ഏറെ ഇഷ്ടപ്പെടുന്ന നിനക്ക് രണ്ടാഴ്ച കേരളത്തില്‍ ഫ്രീയായി കറങ്ങാമെന്ന ബിജോയിയുടെ സുന്ദര വാഗ്ദാനം കൂടി കേട്ടതോടെയാണ് മറ്റൊന്നും ചിന്തിക്കാതെ അഭിനയിക്കാന്‍ എത്തിയത്””- നടാഷ പറയുന്നു.

മുംബൈയിലെ തിയറ്ററില്‍ 20 കൂട്ടുകാര്‍ക്കൊപ്പമാണ് നടാഷ ആമേനിലെ മിഷേലിനെ കണ്‍ നിറയെ കണ്ടത്. തിയറ്ററില്‍ തന്റെ മലയാളം കേട്ട് ആളുകള്‍ പുഞ്ചിരിക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നു നടാഷ പറയുന്നു.

ചിത്രത്തിലെ സംഭാഷണം ഇംഗ്ലീഷില്‍ എഴുതിയാണ് പഠിച്ചത്. മലയാളം പഠിക്കണമെന്നാഗ്രഹമുണ്ട്. അത്ര പ്രയാസമുള്ള ഭാഷയായി എനിക്കു തോന്നിയില്ല.

ലിജോയും ഫഹദുമൊക്കെ സഹായിച്ചു. ആദ്യമായി ക്യാമറയുടെ മുന്‍പില്‍ നില്‍ക്കുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു. ഇന്ദ്രജിത്താണ് പലപ്പോഴും എങ്ങനെ പറയണം, എങ്ങനെ നില്‍ക്കണമെന്നൊക്കെ പറഞ്ഞു തന്നത്.

സ്വാതിയും നല്ല കൂട്ടായിരുന്നു. മുന്‍പ് അഞ്ചു തവണ ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. പ്രിയപ്പെട്ട സ്ഥലം പെരിയാര്‍ ടൈഗര്‍ റിസര്‍വാണ്. ആലപ്പുഴയും കുമരകവും ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു.

സിനിമയില്‍ ഫ്രാന്‍സില്‍ നിന്നാണ് വരവെങ്കില്‍ താന്‍ ഇതുവരെ ഫ്രാന്‍സില്‍ പോയിട്ടില്ലെന്നു നടാഷ. മറ്റു പല രാജ്യങ്ങളും കാണാന്‍ ഭാഗ്യമുണ്ടായെങ്കിലും ഇതുവരെ ഫ്രാന്‍സില്‍ പോയിട്ടില്ലെന്നും നടാഷ പറയുന്നു.

We use cookies to give you the best possible experience. Learn more