സ്ലൊവേനിയയില്‍ ചരിത്രമെഴുതി ലിബറല്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് നതാസ പിര്‍ക് മുസാര്‍; ആദ്യ വനിതാ പ്രസിഡന്റ്
World News
സ്ലൊവേനിയയില്‍ ചരിത്രമെഴുതി ലിബറല്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് നതാസ പിര്‍ക് മുസാര്‍; ആദ്യ വനിതാ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th November 2022, 10:17 am

ലൂബിയാന: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ സ്ലൊവേനിയക്ക് (Slovenia) ആദ്യ വനിതാ പ്രസിഡന്റ്. ലിബറല്‍ റൈറ്റ്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ 54കാരി നതാസ പിര്‍ക് മുസാര്‍ (Natasa Pirc Musar) ആണ് 20 ലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞന്‍ രാജ്യത്തിന്റെ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

ഞായറാഴ്ച നടന്ന വോട്ടെണ്ണലില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയും സ്ലൊവേനിയയുടെ മുന്‍ വിദേശകാര്യ മന്ത്രിയുമായ ആന്‍സെ ലോഗറിന് (Anze Logar) 46 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ പിര്‍ക് മുസാര്‍ 54 ശതമാനം വോട്ടുകളും നേടി ഭൂരിപക്ഷം ഉറപ്പാക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പായിരുന്നു വോട്ടെടുപ്പ് നടന്നത്.

മുസാറിന്റെ വിജയം രാജ്യത്തെ ലിബറല്‍ ബ്ലോക്കിനും വലിയ ഊര്‍ജമായിരിക്കും നല്‍കുക എന്നാണ് വിലയിരുത്തലുകള്‍.

”എല്ലാ സ്ലൊവേനിയക്കാര്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുക എന്നതായിരിക്കും എന്റെ മുന്നിലുള്ള ആദ്യത്തെ ദൗത്യം. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഏതുതരം രാജ്യമാണ് വേണ്ടതെന്ന് സ്ലൊവേനിയക്കാര്‍ കാണിച്ചുതന്നിരിക്കുകയാണ്.

ജീവിതകാലം മുഴുവന്‍ ഒരേ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ വാദിച്ചത്; ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, സഹിഷ്ണുത. ഭാവിയില്‍ നമുക്ക് പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്,” വിജയത്തിന് പിന്നാലെ നതാസ പിര്‍ക് മുസാര്‍ പ്രതികരിച്ചു.

രാജ്യത്തെ ഇടത്-വലത് ഭിന്നത ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും പിര്‍ക് മുസാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരാജയം സ്വാഗതം ചെയ്ത ആന്‍സെ ലോഗര്‍, പ്രചാരണ വേളയില്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പിര്‍ക് മുസാര്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതികരിച്ചു.

1991ല്‍ യൂഗോസ്ലാവിയയുടെ (Yugoslavia) തകര്‍ച്ചയെ തുടര്‍ന്ന് സ്ലൊവേനിയ സ്വതന്ത്രമായതിന് ശേഷം രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന ആദ്യത്തെ വനിതയാണ് പിര്‍ക് മുസാര്‍.

യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതപങ്കാളിയായ മെലാനിയ ട്രംപിന്റെ അഭിഭാഷക കൂടിയായിരുന്നു പിര്‍ക് മുസാര്‍.

ബോറൂട്ട് പഹോര്‍ (Borut Pahor) ആണ് നിലവിലെ സ്ലൊവേനിയയുടെ പ്രസിഡന്റ്. സ്ലൊവേനിയയില്‍ പ്രധാനമന്ത്രിയെയും ഭരണഘടനാ കോടതിയിലെ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാനുള്ള അധികാരം പ്രസിഡന്റിനാണുള്ളത്.

Content Highlight: Natasa Pirc Musar becomes the first female president of Slovenia