| Friday, 20th April 2018, 9:48 pm

ഇസ്രായേലിലേക്ക് പോകാന്‍ മനസാക്ഷി അനുവദിക്കുന്നില്ല ; ഇസ്രായേല്‍ അവാര്‍ഡ് നിഷേധിച്ച് ഹോളിവുഡ് നടി നതാലി പോര്‍ട്ട്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗാസയില്‍ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ നല്‍കുന്ന പുരസ്‌കാരം വേണ്ടെന്ന് വെച്ച് ഹോളിവുഡ് നടി നതാലി പോര്‍ട്ട്മാന്‍. “ജ്യൂയിഷ് നൊബേല്‍” എന്നറിയപ്പെടുന്ന “ജെനസിസ് പ്രൈസ്” ആണ് പോര്‍ട്ട്മാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിലേക്ക് സഞ്ചരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് പോര്‍ട്ട്മാന്‍ പറഞ്ഞു.

“”ഇസ്രായേലില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ അത്യധികം അസഹനീയമാണ്. ഇസ്രായേലില്‍ നടക്കുന്ന ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല” നതാലി പോര്‍ട്ട്മാന്റെ പ്രതിനിധി അറിയിച്ചു.

ജെറുസലേമില്‍ ജനിച്ച നതാലി പോര്‍ട്ട്മാന് ഇസ്രായേല്‍-യു.എസ് ഇരട്ടപൗരത്വമുണ്ട്. ഒരു മില്ല്യണ്‍ യു.എസ് ഡോളറിന്റെ പുരസ്‌കാരം ജൂതമത വിശ്വാസികള്‍ക്ക് നല്‍കുന്നതാണ്. ജൂണ്‍ 28ന് നടത്തേണ്ട പുരസ്‌കാര ദാന ചടങ്ങ് റദ്ദാക്കിയിട്ടുണ്ട്.

നതാലിപോര്‍ട്ട്മാന്‍ ഇസ്രായേലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് (ബോയ്‌ക്കോട്ട് ഡൈവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്‍സ്) സംഘടനകളുടെ കൈകളില്‍ അകപ്പെട്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ സാംസ്‌ക്കാരിക വകുപ്പ മന്ത്രി മറി റെജേവ് പറഞ്ഞു.

ഗാസ അതിര്‍ത്തിയില്‍ പലസ്തീനികള്‍ നടത്തിയ “ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍” ന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. 4279 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ വെടിവെയ്പ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യു.എന്നും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more