നിര്‍മാതാവ് കൂടിയായ നാസര്‍ ലത്തീഫിനെ ചെറുതും വലുതുമായ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്. ഗാന്ധാരി, ചേരി, റാംജിറാവു സ്പീക്കിങ്, ആന്‍മരിയ കലിപ്പിലാണ്, സണ്‍ഡേ ഹോളിഡേ തുടങ്ങിയ അമ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
താന്‍ അഭിനയിച്ച എന്നൈ അറിന്താല്‍ എന്ന തമിഴ് സിനിമയില്‍ നടന്‍ അജിത്തുമായുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നാസര്‍. താന്‍ ഒരു സെല്‍ഫി ചോദിച്ചപ്പോള്‍ അത് മറക്കാതെ ഒര്‍ത്തുവെച്ച് എടുത്തുതന്ന ആളാണ് അജിത്തെന്ന് നാസര്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാസറിന്റെ പ്രതികരണം.
‘എന്നൈ അറിന്താല്‍ എന്ന ഗൗതം മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അനുഷ്‌ക ഷെട്ടിയുടെ അച്ഛനായിട്ടായിരുന്നു ആ വേഷം. സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് അജിത്ത് കയറി വരുന്നത്. അജിത് കയറി വന്നപ്പോള്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. മിസ്റ്റര്‍ അജിത്ത,് നമുക്ക് ഒരു സെല്‍ഫി എടുക്കാം എന്ന്. അപ്പോള്‍ അദ്ദേഹം പിന്നെന്താ എടുക്കാലോ എന്ന് പറഞ്ഞു. അപ്പോള്‍ ഗൗതം, അജിത്ത് എന്ന് വിളിച്ചപ്പോള്‍ എക്സ്‌ക്യൂസ് മീ എന്നും പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് ഞാന്‍ അത് മറന്നു.
ഒരു അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വന്ന് എന്നെ വിളിച്ചു, ഞാന്‍ അങ്ങോട്ട് പോയി. അപ്പോള്‍ അജിത് പറഞ്ഞത് സാര്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നാണ്. ഞാന്‍ ആഗ്രഹിച്ചതു പോലെ മറക്കാതെ ഒരു സെല്‍ഫി എടുത്ത് തന്നിട്ടാണ് അദ്ദേഹം പോയത്. ഒരാളുടെ നന്മ, വിനയം മറ്റൊരാളുടെ മനസ്സിന് കൊടുക്കാന്‍ കഴിയുന്ന സന്തോഷം, സ്നേഹം അതൊക്കെയാണ് ഒരു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്,’ നാസര്‍ ലാത്തിഫ് പറഞ്ഞു.
Content Highlight: Nasser Latheef shares his memories about Actor Ajith