ബാറ്റിങ്ങിൽ റൂട്ട് മികച്ചവനാണ്, എന്നാൽ ആ കാര്യം അവൻ ഇനിയും മെച്ചപ്പെടുത്തണം: മുൻ ഇംഗ്ലണ്ട് താരം
Cricket
ബാറ്റിങ്ങിൽ റൂട്ട് മികച്ചവനാണ്, എന്നാൽ ആ കാര്യം അവൻ ഇനിയും മെച്ചപ്പെടുത്തണം: മുൻ ഇംഗ്ലണ്ട് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 3:36 pm

ഇംഗ്ലണ്ട് സൂപ്പര്‍താരം ജോ റൂട്ട് നിലവില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. റൂട്ട് ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും താരം ഇനിയും മെച്ചപ്പെടുത്തേണ്ട ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍. റൂട്ട് ക്യാച്ച് എടുക്കുന്ന കാര്യത്തില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്.

‘വെസ്റ്റ് ഇന്‍ഡീസിനെ പോലെ ശ്രീലങ്കയും അധികം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാറില്ല. ഓസ്‌ട്രേലിയയെ പോലൊരു ടീമിനെതിരെ കളിക്കുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ മികച്ചതാവേണ്ടതുണ്ട്. റൂട്ടിന്റെ ബാറ്റിങ് മികച്ചതായിരുന്നെങ്കിലും ഇത്രയും ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു താരം എന്ന നിലയില്‍ അദ്ദേഹം ഇനിയും മെച്ചപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. അത് അവന്റെ ക്യാച്ചാണ്. അവന്‍ ഒന്നിലധികം അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ആക്ഷസില്‍ കളിക്കുമ്പോള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം,’ നാസര്‍ ഹുസൈന്‍ ഡെയ്‌ലി മെയ്ലിലൂടെ പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ 160 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 483 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 292 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ടിനായി രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയാണ് റൂട്ട് തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 121 പന്തില്‍ 103 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 206 പന്തില്‍ 143 റണ്‍സുമാണ് റൂട്ട് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 34ാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്. ഇതോടെ 33 സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്കിനെ മറികടന്നുകൊണ്ട് ചരിത്രം കുറിക്കാനും റൂട്ടിന് സാധിച്ചു.

രണ്ടാം മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. സെപ്റ്റംബര്‍ ആറ് മുതല്‍ 10 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഓവലിലാണ് മത്സരം നടക്കുക.

 

Content Highlight: Nasser Hussein Talks About Joe Root