ഐ.സി.സി ടി-20 സെമിഫൈനലിന്റെ ആവേശത്തിലേക്ക് അടുത്തിരിക്കുകയാണ്. കിരീട പോരാട്ടത്തിനായി അവസാന നാലില്‍ ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് അണിനിരക്കുന്നത്. നാളെ രാവിലെ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. രാത്രി നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരും.
ഈ ലോകകപ്പില്‍ ഒരു മത്സരത്തിൽ പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയും സംഘവും സെമി ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും സമ്മര്‍ദങ്ങളെ അതിജീവിച്ചുകൊണ്ടാണ് ജോസ് ബട്ലറും സംഘവും സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഈ ആവേശകരമായ മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുമെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്.
‘ടി-20 ലോകകപ്പിന്റെ ഫൈനലില്‍ സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും ആയിരിക്കും ഏറ്റുമുട്ടുക. ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കും. ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീം ഒരിക്കലും ഇന്ത്യന്‍ ടീമിനെ ഭയപ്പെടുന്നില്ല. പിച്ച് മന്ദഗതിയില്‍ ആണെങ്കില്‍ ഇന്ത്യയ്ക്ക് ഇംഗ്ലീഷ് ബാറ്റര്‍മാരെ ബുദ്ധിമുട്ടിലാക്കാന്‍ സാധിക്കും,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.
2022 ലോകകപ്പില്‍ ആയിരുന്നു ഇന്ത്യ സെമി ഫൈനലില്‍ എത്തിയത്. അന്ന് സെമിഫൈനലില്‍ പത്ത് വിക്കറ്റുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ 16 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ടി-20 സെമിഫൈനലില്‍ വീണ്ടും ഇന്ത്യയുടെ എതിരാളികളായി ഇംഗ്ലണ്ട് മുന്നിലെത്തി നില്‍ക്കുമ്പോള്‍ 2022 ലോകകപ്പ് സെമിഫൈനല്‍ പരാജയത്തിന് പകരം വീട്ടാന്‍ ആയിരിക്കും ഇന്ത്യ ലക്ഷ്യമിടുക.