ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഇന്ന് (ഒക്ടോബര്‍ 15) മുതല്‍ നടക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 19വരെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തത്. ആദ്യ മത്സരത്തിന് വേദിയായ അതേ മുള്‍ട്ടാന്‍ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 47 റണ്‍സിനും തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനിന്നത്.
എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ് പി.സി.ബി പുറത്ത് വിട്ടപ്പോള്‍ മോശം പ്രകടനം കാരണം മുന്‍നിര താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, സര്‍ഫറാസ് അഹമ്മദ് എന്നിവരെയും സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇപ്പോള്‍ പാക് സൂപ്പര്‍ താരങ്ങളായ മുന്‍ ക്യാപ്റ്റനുമായ ബാബറിനെയും ഷഹീനെയും നസീമിനെയും പുറത്താക്കിയതില്‍ പി.സി.ബിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിരന്തരം പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതാണ് ടീമിലെ പ്രധാന പ്രശ്‌നമെന്നും താരങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് നാസര്‍ പറഞ്ഞത്.
‘ബാബര്‍ അസമോ ഷഹീന്‍ അഫ്രീദിയോ നസീം ഷായോ അല്ല വിഷയം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എങ്ങനെയാണ് ടീമിനെ കെകാര്യം ചെയ്യുന്നത് എന്നതാണ് പ്രധാന പ്രശ്‌നം. പാകിസ്ഥാനില്‍ 26 അല്ലെങ്കില്‍ 27 വ്യത്യസ്ത സെലക്ടര്‍മാരുണ്ടെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വളരെക്കാലമായി രണ്ടോ മൂന്നോ സെലക്ടര്‍മാര്‍ മാത്രമെ ഉള്ളൂ. ക്യാപ്റ്റന്‍മാരെയും പരിശീലകരെയും സെലക്ടര്‍മാരെയും മാറ്റിക്കൊണ്ടിരുന്നാല്‍ ടീമിന് റിസള്‍ട്ട് ഉണ്ടാകില്ല. അങ്ങനെ ആസൂത്രണം ചെയ്യുന്നത് അസാധ്യമാണ്,’ നാസര്‍ ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ടീമില്‍ നിന്ന് പുറത്താക്കിയ താരങ്ങള്‍ക്ക് പകരം സാജിദ് ഖാന്‍, നൊമാന്‍ അലി, സാഹിദ് മഹ്‌മൂദ് എന്നിവരെയാണ് ടീമില്‍ എത്തിച്ചത്. മത്സരത്തില്‍ സ്പിന്‍ ആക്രമണത്തിനാണ് പാകിസ്ഥാന്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ആമിര്‍ ജമാല്‍ ആണ് സ്‌ക്വാഡിലെ ഏക ഫാസ്റ്റ് ബൗളര്‍. അതേസമയം ഇംഗ്ലണ്ട് പാകിസ്ഥാനെതിരെയുള്ള പ്ലെയിങ് പ്രഖ്യാപിച്ചിരുന്നു. പരിക്കിന്റെ പിടിയില്‍ നിന്ന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയത് വലിയ തരിച്ചടിയായേക്കും.
ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്‌റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നൊമാന്‍ അലി, സയിം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി ആഘ, സാഹിദ് മെഹ്‌മൂദ്.
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ബ്രൈഡന്‍ കാര്‍സെ, മാറ്റ് പോട്‌സ്, ജാക്ക് ലീച്ച്, ഷോയിബ് ബഷീര്‍
Content Highlight: Nasser Hussain Talking About Pakistan Cricket