ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മുള്‍ട്ടാനില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 366 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. നിലവില്‍ ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്.
ആദ്യ ടെസ്റ്റിലെ ഇന്നിങ്സില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് അരങ്ങേറ്റക്കാരനായ കമ്രാന്‍ ഗുലാമാണ്. 224 പന്തുകള്‍ നേരിട്ട് ഒരു സിക്സും 11 ഫോറും ഉള്‍പ്പെടെ 118 റണ്‍സ് നേടാനാണ് ഗുലാമിന് സാധിച്ചത്. ബാബര്‍ അസമിന് പകരക്കാരനായി വന്ന ഗുലാമിനെ പ്രശംസിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.
‘പാകിസ്ഥാന് കളിക്കാര്‍ സ്വീപ്പ് ഷോട്ടുകള്‍ ഇഷ്ടപ്പെടുന്നു, അത് അവന്റെ ബാറ്റിങ് ആയുധപ്പുരയില്‍ ഉണ്ട്. അവന്‍ തന്റെ കാലുകളും ഉപയോഗിച്ചു, പ്രതിരോധിക്കുമ്പോള്‍ ട്രാക്കില്‍ അവന്‍ സ്റ്റീവ് സ്മിത്തിനെപ്പോലെ കളിക്കുന്നു. അവന് എന്തോ പ്രത്യേകതയുണ്ട്,
പാകിസ്ഥാനില്‍ ടീമിന് വേണ്ടി കളിക്കാന്‍ കമ്രാന് കുറേ കാത്തിരിക്കേണ്ടി വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റണ്‍സ് നേടിയ അവന് ആക്രമണത്തിനും പ്രതിരോധത്തിനും ശരിയായ ബാലന്‍സ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാന് ഇന്നിങ്സില്‍ നേരത്തെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി, പക്ഷെ ഗുലാം നന്നായി ബാറ്റ് ചെയ്തു,’ നാസര്‍ ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 47 റണ്‍സിനും വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. മോശം പ്രകടനത്തിന്റെ പേരില്‍ ബാബര്‍ അസമിനേയും ഷഹീന്‍ അഫ്രീദിയേയും നസീം ഷായേയും പുറത്തിരുത്തിയ പാകിസ്ഥാന്‍ ടീമിനെ അടിമുടി മാറ്റിയെടുക്കുകയായിരുന്നു. സാജിദ് ഖാന്‍, നൊമാന്‍ അലി, സാഹിദ് മഹ്‌മൂദ് എന്നിവരെയാണ് ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
സ്പിന്‍ ബൗളിങ്ങിന് കരുത്ത് നല്‍കിയപ്പോള്‍ പുതുമുഖം സാജിദ് ഖാന്‍ വമ്പന്‍ പ്രകടനമാണ് പാകിസ്ഥാന് വേണ്ടി കാഴ്ചവെച്ചത്. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ സാജിദ് നാല് വിക്കറ്റുകളാണ് ടീമിന് വേണ്ടി നേടിയത്. നൊമാന്‍ അലി രണ്ട് നിര്‍ണായക വിക്കറ്റും നേടി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി.
ഓപ്പണര്‍ സാക്ക് ക്രോളിയെ 27 റണ്‍സിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ ഒരു റണ്‍സിനും നൊമാന്‍ അലി പുറത്താക്കി. എന്നാല്‍ അമ്പരപ്പിച്ചത് സാജിദായിരുന്നു. ആദ്യ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി തങ്ങളെ വിറപ്പിച്ച ഹാരി ബ്രൂക്കിനെ വെറും ഒമ്പത് റണ്‍സിനും ഡബിള്‍ സെഞ്ച്വറി നേടിയ ജോ റൂട്ടിനേയും ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് സാജിദ് വരവറിയിച്ചത്.
ബ്രൂക്ക് ഒമ്പത് റണ്‍സും റൂട്ട് 34 റണ്‍സും നേടിയാണ് കൂടാരം കയറിയത്. മാത്രമല്ല 16 ഫോര്‍ ഉള്‍പ്പെടെ 114 റണ്‍സ് നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെയും സാജിദ് കൂടാരം കയറ്റി. ശേഷം 29 റണ്‍സ് നേടിയ ഒല്ലി പോപ്പിനേയും ക്ലീന്‍ ബൗള്‍ ചെയ്ത് മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസില്‍ തുടരുന്നത് ജാമി സ്മിത്തും (12)* ബ്രൈഡന്‍ കാര്‍സിയുമാണ് (2)*.
Content highlight: Nasser Hussain Talking About Kamran Gulam