Sports News
ഇംഗ്ലണ്ടിനെ നയിക്കാന്‍ പറ്റുമെന്ന് അവന് ഒരു ഉറപ്പുമില്ല, ലിമിറ്റഡ് ഓവറില്‍ അവന്റെ സമയം കഴിഞ്ഞു: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 28, 08:14 am
Friday, 28th February 2025, 1:44 pm

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയാണ് ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഇതോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. മാത്രമല്ല നാസര്‍ ഇംഗ്ലണ്ടിന് വേണ്ടി പുതിയ ക്യാപ്റ്റനെ നിര്‍ദേശിക്കുകയും ചെയ്തു.

Jos Buttler

‘ജോസ് ബട്‌ലറിനപ്പുറം ചിന്തിക്കേണ്ട സമയമായതിനാല്‍ ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാരി ബ്രൂക്ക് വരണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ടീമിനെ നയിക്കാന്‍ പറ്റുമെന്ന് ബട്‌ലറിന് ഉറപ്പില്ല, ആ ചിന്ത നിങ്ങളുടെ മനസില്‍ പിടിമുറുക്കുമ്പോള്‍ ഒരു നായകന്‍ എന്ന നിലയില്‍ നിങ്ങളുടെ സമയം കഴിഞ്ഞു എന്നാണ് അര്‍ത്ഥമാക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റ് അധികം കളിക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് അധികം ഓപ്ഷനുകള്‍ ഇല്ല എന്നതാണ് സത്യം,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

Harry Brook

അതേസമയം ഗദ്ദാഫി സ്റ്റേഡിയത്തില്‍ കരുത്തന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. അഫ്ഗാനിസ്ഥാന്‍ നേടിയ 325 റണ്‍സ് മറികടക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ലായിരുന്നു.

ഇബ്രാഹിം സദ്രാന്റെ 177 റണ്‍സിന്റെ വമ്പന്‍ പിന്‍ബലവും അസ്മത്തുള്ള ഉമര്‍സായിയുടെ ഫൈഫര്‍ പ്രകടനവും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. മോശം പ്രകടനം കാരണം ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്താനും സെമി ഫൈനല്‍ ഉറപ്പിക്കാനുമാണ് രണ്ട് ടീമിനുമുള്ള അവസരം.

Content Highlight: Nasser Hussain Talking About Jos Buttler