| Sunday, 31st December 2023, 6:30 pm

2024 ഐ.പി.എല്ലില്‍ അവന്‍ മികച്ച തിരിച്ചു വരവ് നടത്തും: നാസര്‍ ഹുസൈന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വാഹനാപകടത്തില്‍ പരിക്ക് പറ്റിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് 2024 ഐ.പി.എല്ലില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുമെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ വിശ്വസിക്കുന്നത്. താരം മികച്ച സംഭാവനകള്‍ ടീമില്‍ നല്‍കിയിട്ടുണ്ടെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

2023ല്‍ പരിക്കിനെ തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങളും ഐ.പി.എല്‍ മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. പരിക്കുകളില്‍ നിന്നും മോചിതനായി അടുത്ത ഐ.പി.എല്ലിന് വേണ്ടി തയ്യാറെടുക്കുകയാണ് പന്ത്. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ ടീമിലേക്ക് മടങ്ങിയെത്തുകയാണ്. നിലവില്‍ ഡേവിഡ് വാര്‍ണര്‍ ആണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചാല്‍ താരം റോളില്‍ തിരിച്ചെത്തുമെന്നും നേരത്തെ പറഞ്ഞിരുന്നു.

പന്തിന്റെ അഭാവത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കീപ്പിങ്ങിന് കെ.എല്‍. രാഹുല്‍ ആയിരുന്നു ഉണ്ടായത്. കൂടാതെ എല്ലാ ഫോര്‍മാറ്റിലും രാഹുല്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്ക് ഒരുപാട് ഓപ്ഷന്‍ ഉള്ളതിനാല്‍ പന്തിന്റെ വിടവിലും മികച്ച പ്രകടനമാണ് നടത്തിയത്.

‘അവന്റെ അഭാവത്തില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തി, രാഹുല്‍ എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്തി. പന്തും പരിക്കിനു മുമ്പ് ഉള്ള തന്റെ മികവിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കാം,’അദ്ദേഹം പറഞ്ഞു.

‘അതൊരു വലിയ അപകടം തന്നെയായിരുന്നു. അവന്‍ സുഖം പ്രാപിക്കുന്നത് ക്രമേണ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. റിക്കി പോണ്ടിങ്ങും ആയിട്ടുള്ള ജിം സെക്ഷനുകളും അതില്‍ ഉണ്ടായിരുന്നു. അവന്റെ പുരോഗതി സോഷ്യല്‍ മീഡിയകളിലൂടെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.സി.സി.ഐയുടെ മെഡിക്കല്‍ ടീമിന്റെ മികച്ച പിന്തുണയോടെ തിരിച്ചുവരവിനായി കഠിനാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താരം. പൂര്‍ണ്ണമായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ റണ്ണിങ് ഡ്രില്ലുകളും മറ്റുമുള്ള പുനരാധിവാസ ക്യാമ്പിലാണ് താരം.

Content Highlight: Nasser Hussain Says Rishabh Pant Will Make A Great Comeback In IPL 2024

We use cookies to give you the best possible experience. Learn more