ഇന്ത്യ പരമ്പര വിജയിച്ചെങ്കിലും ആ പോരായ്മ മാറ്റാതെ മുന്നോട്ട് നീങ്ങില്ല; ഇന്ത്യക്ക് മുന്നറിയപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍
Cricket
ഇന്ത്യ പരമ്പര വിജയിച്ചെങ്കിലും ആ പോരായ്മ മാറ്റാതെ മുന്നോട്ട് നീങ്ങില്ല; ഇന്ത്യക്ക് മുന്നറിയപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th July 2022, 6:59 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു ടീം കാഴ്ചവെച്ചത്. ടെസ്റ്റ് പരമ്പര സമനിലയിലായപ്പോള്‍ ഏകദിനവും ട്വന്റി-20യും ഇന്ത്യ തൂത്തുവാരുകയായിരുന്നു. 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ രണ്ട് പരമ്പരകളും വിജയിച്ചത്.

അദ്യ ഏകദിനത്തിലൊഴികെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീടുള്ള രണ്ട് മത്സരത്തിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്ന വിരാടാണെങ്കില്‍ കഴിഞ്ഞ കുറച്ചുകാലമായി തന്റെ ഫോമിന്റെ നിഴല്‍വെട്ടത്ത് പോലുമല്ല.

ടോപ്പ് ത്രീയുടെ ഈ ഫോമൗട്ട് ഇന്ത്യയെ അലട്ടുന്നുണ്ട്. ഇതേ കാരണമാണ് ഇന്ത്യന്‍ ടീമിനെ പിന്നോട്ടടിക്കുന്നത് എന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനായ നാസര്‍ ഹുസൈന്‍ പറയുന്നത്. ലെഫ്റ്റ് ഹാന്‍ഡ് ഫാസ്റ്റ് ബൗളര്‍മാരുടെ മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സോണി സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുമന്നു നാസര്‍ ഹുസൈന്‍.

‘ഇന്ത്യ വളരെ ശക്തമായ ടീമാണ്, എന്നാല്‍ അവര്‍ മുന്‍ കാലങ്ങളില്‍ സംഭവിച്ചതില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍, അവര്‍ ബാറ്റിങ്ങില്‍ അല്‍പ്പം പേടിച്ചായിരുന്നു കളിച്ചത്, അത് നിര്‍ത്തേണ്ടതുണ്ട്,’ ഹുസൈന്‍ പറഞ്ഞു.

2021 യു.എ.യില്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ബൗളര്‍ ഷഹീന്‍ അഫ്രിദിയുടെ മുമ്പില്‍ ഇന്ത്യന്‍ മുന്‍ നിര തകര്‍ന്നിരുന്നു. ഇന്ത്യന്‍ ടീമിനെ അക്കാര്യം ഓര്‍മിപ്പിക്കാനും ഹുസൈന്‍ന്‍ മറന്നില്ല.

ഇന്ത്യന്‍ ഓപ്പണര്‍മാരായ രാഹുലിനെയും നായകന്‍ രോഹിത്തിനെയും പെട്ടെന്ന് മടക്കാന്‍ ഷഹീന് സാധിച്ചിരുന്നു. 2019 ലോകകപ്പ് സെമയിലും ലെഫ്റ്റ് ഹാന്‍ഡ് പേസര്‍ ബോള്‍ട്ടിന് മുന്നില്‍ ഇന്ത്യന്‍ മുന്‍ നിര തകര്‍ന്നിരുന്നു.

മിഡില്‍ ഓര്‍ഡറില്‍ റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ പിന്നീട് ജഡേജയും വരാനുള്ളപ്പോള്‍ മുന്‍ നിര ഭയന്ന് കളിക്കേണ്ടതില്ലെന്നാണ് ഹുസൈന്റെ അഭിപ്രായം. വിരാട് കോഹ്‌ലി വിശ്രമത്തിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറയുന്നു.

‘അവരുടെ ബാറ്റിങ് മികച്ചതാണ്, വിരാട് കോഹ്‌ലി മികച്ചതായിരിക്കും. വിശ്രമം കഴിഞ്ഞ് തിരിച്ചുവന്നാല്‍ അവന്‍ പൂര്‍ണ്ണമായും ഫോമിലാകും. പരമ്പരകള്‍ കളിക്കുന്നത് പോലെ തന്നെ അവര്‍ക്ക് ഐ.സി.സി ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ കഴിയും,’ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു

Content Highlights: Nasser Hussain Says Indian Top Order is timid and needs to attack more if needed