| Thursday, 1st June 2023, 11:51 am

ഓസീസ് ക്യാപ്റ്റന്റെയും ക്യാപ്റ്റനാകാന്‍ രോഹിത്; ജഡേജയില്ലാത്ത ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ മാത്രം; ആ ഇലവന്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായാണ് ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുന്നത്. ടെസ്റ്റിലെ രാജാക്കന്‍മാരുടെ സിംഹാസനം ഇത്തവണ ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആധിപത്യം വീണ്ടുമുറപ്പിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയോട് തോറ്റതിന്റെ നാണക്കേട് മറക്കാനാകും കമ്മിന്‍സും സംഘവും ഓവലിലേക്കിറങ്ങുന്നത്.

ഇരുഭാഗത്തും ശക്തരായ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം പോരാടാനൊരുങ്ങുന്നത്. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് അപ്രവചനീയം തന്നെയാണ്.

ഇരുടീമില്‍ നിന്നുള്ള ശക്തരായ താരങ്ങളെ അണിനിരത്തിയുള്ള മുന്‍ സൂപ്പര്‍ താരം നാസര്‍ ഹുസൈന്റെ കമ്പൈന്‍ഡ് ഇലവനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. നാല് ഇന്ത്യന്‍ താരങ്ങളും ഏഴ് ഓസീസ് താരങ്ങളും ഉള്‍പ്പെട്ടതാണ് ഹുസൈന്റെ ഇലവന്‍.

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഉള്‍പ്പെട്ട ഇലവനെ നയിക്കാന്‍ നാസര്‍ ഹുസൈന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് രോഹിത് ശര്‍മയെ ആണ്.

സൂപ്പര്‍ ഓള്‍ റൗണ്ടറും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡുമായിരുന്ന രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താതെയാണ് നാസര്‍ ഹുസൈന്‍ തന്റെ കമ്പൈന്‍ഡ് ഇലവന്‍ പ്രഖ്യാപിച്ചതെന്നതാണ് ആരാധകരെയൊന്നാകെ അത്ഭുതപ്പെടുത്തിയ വസ്തുത. ജഡേജ എന്തുകൊണ്ട് ടീമില്‍ ഇല്ല എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

ജഡേജക്ക് പകരം കാമറൂണ്‍ ഗ്രീനിനെയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓവലിലെ സാഹചര്യങ്ങള്‍ ജഡേജയെക്കാള്‍ തുണയ്ക്കുക ഗ്രീനിനെയാണെന്ന് കാണിച്ചുകൊണ്ടാണ് നാസര്‍ ഹുസൈന്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.

നഥാന്‍ ലിയോണിന് പകരം ആര്‍. അശ്വിനെയാണ് ലീഡ് സ്പിന്നറായി അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നാസര്‍ ഹുസൈന്റെ കമ്പൈന്‍ഡ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

ഉസ്മാന്‍ ഖവാജ

മാര്‍നസ് ലബുഷാന്‍

വിരാട് കോഹ്‌ലി

സ്റ്റീവ് സ്മിത്

കാമറൂണ്‍ ഗ്രീന്‍

അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍)

ആര്‍. അശ്വിന്‍

പാറ്റ് കമ്മിന്‍സ്

മിച്ചല്‍ സ്റ്റാര്‍ക്

മുഹമ്മദ് ഷമി

Content highlight: Nasser Hussain’s combined eleven of WTC final

We use cookies to give you the best possible experience. Learn more