| Wednesday, 9th November 2022, 11:10 am

'സെമിയിൽ ഏറ്റുമുട്ടുന്നതിന് മുമ്പ് ഒരൊറ്റ കാര്യം, ഇന്ത്യയുടെ ആ ബാറ്ററെ സൂക്ഷിക്കണം'; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസർ ഹുസൈൻ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് അതിന്റെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സൂപ്പർ 12 പോരാട്ടം അവസാനിക്കുമ്പോൾ ഇന്ത്യ ഇംഗ്ലണ്ടിനെയും പാകിസ്ഥാൻ ന്യൂസിലാൻഡിനെയുമാണ് സെമിയിൽ നേരിടുക.

ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സെമി പോരാട്ടത്തിന് മുമ്പ് തന്റെ മുൻ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നാസർ ഹുസൈൻ.

ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ ബാറ്റിങ് നിരയിൽ ആരെയാണ് ഭയക്കേണ്ടത് എന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ഇന്ത്യയുടെ മികച്ച ബാറ്റർമാരിലൊരാളായ സൂര്യകുമാർ യാദവിനെ ഭയക്കണം എന്നാണ് ഹുസൈൻ ടീം ഇംഗ്ലണ്ടിനോട് പറഞ്ഞത്.

‘സൂര്യകുമാർ യാദവ് ഒരു പ്രതിഭയാണ്. 360 ഡിഗ്രീ പ്ലെയർ എന്ന വിശേഷണം അദ്ദേഹത്തിന്റെ കാര്യത്തിൽ ശരിയാണ്. ഓഫ്സ്റ്റംപിന് പുറത്തുനിന്നുള്ള പന്ത് ഡീപ് സ്‌ക്വയർ ലെഗിന് മുകളിലൂടെ സിക്‌സറടിക്കൻ അദ്ദേഹത്തിനാകും.

അവിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വിധം അസാധാരണ സ്ഥലങ്ങളിലേക്ക് കൈക്കുഴ ഉപയോഗിച്ച് പന്തടിക്കാനുള്ള കഴവുള്ളയാളാണ് സൂര്യ. അദ്ദേഹത്തിന് സമകാലിക താരങ്ങൾക്ക് ആവശ്യമായ എല്ലാ കഴിവുമുണ്ട്.

എന്തെങ്കിലും പോരായ്മ കണ്ടെത്തുക സൂര്യകുമാറിൽ പ്രയാസമാണ്. ലെഫ്റ്റ്-ആം സ്പിന്നർമാർക്കെതിരായ പ്രകടനം മാത്രമാണ് അൽപം മോശമുള്ളത്,’ നാസർ ഹുസൈൻ വ്യക്തമാക്കി.

തന്റെ കഴിവും മികവും കൊണ്ട് നമ്പർ വൺ ടി-20 ബാറ്ററെന്ന ഖ്യാതി സൂര്യകുമാർ യാദവ് നേടിക്കഴിഞ്ഞു. ഒരു കലണ്ടർ വർഷം 1000 ടി-20 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും സകൈ സ്വന്തമാക്കി.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വേ 25 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ സൂര്യ ഏറെ കയ്യടിവാങ്ങിയിരുന്നു.

നവംബർ 10ന് അഡ്‌ലെയ്ഡ്‌ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി. ആദ്യ സെമിയിൽ പാകിസ്ഥാനെ ന്യൂസിലൻഡ് നേരിടും. സിഡ്നിയിലാണ് ഈ മത്സരം. 13ാം തീയതി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ അയൽക്കാരായ ഇന്ത്യ-പാക് ടീമുകൾ നേർക്കുനേർ വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights: Nasser Hussain gives advice to team England before going to beat Indian cricket team

We use cookies to give you the best possible experience. Learn more