|

യഥാര്‍ത്ഥ ഹീറോ രോഹിത്: നാസര്‍ ഹുസൈന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിങ്ങ് തെരെഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 48.5 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരകുന്നു. 70 റണ്‍സിന്റ വമ്പന്‍ വിജയത്തിന് ഇന്ത്യന്‍ പടയാളികള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ 29 പന്തില്‍ നിന്ന് നാല് സിക്സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയ രോഹിത് എതിരാളികളെ മികച്ച രീതിയിലാണ് അക്രമിച്ചത്. 167.7 സ്ട്രൈക്ക് റേറ്റിലാണ് രോഹിത് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇടിവെട്ട് പ്രകടനത്തിനൊടുവില്‍ ടിം സൗത്തിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച ഹിറ്റ്മാന്റെ ക്യാച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ കയ്യില്‍ പെടുകയായിരുന്നു. മത്സരത്തില്‍ മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന് പറയുന്നത് രോഹിത്താണ് യഥാര്‍ത്ഥ ഹീറോ എന്നാണ്.

‘നാളത്തെ പ്രധാന വാര്‍ത്തകള്‍ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും മുഹമ്മദ് ഷമിം ആയിരിക്കും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ യഥാര്‍ത്ഥ ഹീറോ രോഹിത് ശര്‍മയാണ്. ടീമിന്റെ ഘടനയെ തന്നെ അദ്ദേഹം മാറ്റിമറിച്ചു’നാസര്‍ പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ അദ്ദേഹം അക്രമ രീതിയിലുള്ള ബാറ്റിങ്ങിലൂടെ ടീമിനെ മുന്നില്‍നിന്ന് നയിക്കാനാണ് ശ്രദ്ധിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും മത്സരത്തില്‍ ഓപ്പണിങ് അക്രമാസക്തമായി കളിക്കുന്നത് വലിയ പ്രത്യേകതയാണ്. അതാണ് അദ്ദേഹം പുറത്താനുള്ള കാരണവും. ഈ ചിന്തയിലാണ് അവര്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡ്രസ്സിംഗ് റൂമില്‍ അദ്ദേഹം സന്ദേശം നല്‍കിയിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ്‌ലി 117 (113) റണ്‍സും ശ്രേയസ് അയ്യര്‍ 105 (70) റണ്‍സും ശുഭ്മന്‍ ഗില്‍ 88 (66) റണ്‍സും എടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന ലോകകപ്പില്‍ 49 സെഞ്ച്വറി എന്ന ഐതിഹാസിക റെക്കോഡാണ് കോഹ്‌ലി മത്സരത്തില്‍ തിരുത്തിക്കുറിച്ചത്. ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ തകര്‍ത്തതില്‍ പ്രധാന പങ്ക് വഹിച്ചത് മുഹമ്മദ് ഷമി എന്ന മറ്റൊരു ഇതിഹാസമായിരുന്നു. 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടി മിന്നും ചരിത്രമാണ് സൃഷ്ടിച്ചത്.

Content Highlight: Nasser Hussain called Rohit Sharma is the real hero