കൊവിഡിന് ശേഷം കായിക താരങ്ങള്‍ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ബയോ ബബിളും, ടൈറ്റ് ഷെഡ്യൂളുകളും അവരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. എങ്കിലും കളിയോടുള്ള പാഷനുപുറത്ത് അവര്‍ ആത്മാര്‍ത്ഥമായി തന്നെ മുന്നോട്ട് നീങ്ങുന്നുണ്ട്.
എന്നാല്‍ അത് എല്ലാവര്‍ക്കും പറ്റിയേക്കണമെന്നില്ല. കഴിഞ്ഞ ദിവസമാണ് ബെന്‍ സ്റ്റോക്‌സ് ഏകദിനത്തോട് വിട പറഞ്ഞത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാണ് സ്റ്റോക്‌സ്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 31 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. പല താരങ്ങളും കളി തുടങ്ങുന്ന പ്രായത്തില്‍ അദ്ദേഹം ഒരു ലെജന്‍ഡെറി താരമായി വിരമിക്കുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയുമായുള്ള മത്സരമായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. ടെസ്റ്റിലും ട്വന്റി-20യിലും അദ്ദേഹം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും ഒരുമിച്ച് കളിക്കാന്‍ സാധിക്കാത്തതാണ് അദ്ദേഹം വിരമിക്കാന്‍ കാരണം.
അദ്ദേഹം വിരമിച്ചതിന് ശേഷം ഐ.സി.സി.ക്കെതിരെ രൂക്ഷ വിമര്‍ശനവവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. സ്‌റ്റോക്‌സിന് എല്ലാ ഫോര്‍മാറ്റും കളിക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ ഐ.സി.സിയുടെ ടൈറ്റ് ഷെഡ്യൂളാണെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്.
‘ഇത് നിരാശാജനകമായ വാര്‍ത്തായാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍, ക്രിക്കറ്റ് ഷെഡ്യൂള്‍ ഇപ്പോള്‍ എവിടെയാണെന്നതിന്റെ പ്രതിഫലനമാണിത്. കളിക്കാര്‍ക്ക് ഇത് ഭ്രാന്താണ്. ഐ.സി.സി അവരുടെ ടൂര്‍ണമെന്റുകള്‍കൊണ്ടും ബോര്‍ഡുകള്‍ കഴിയുന്നത്ര മത്സരങ്ങള്‍ കളിപ്പിച്ചും വിടവുകള്‍ നികത്തുന്നത് തുടരുകയാണെങ്കില്‍, ഒടുവില്‍ ക്രിക്കറ്റ് കളിക്കാര്‍ ഞാന്‍ നിര്‍ത്തുവാണെന്ന് പറയും. 31 വയസ്സ് പ്രായമുള്ള സ്‌റ്റോക്‌സിന് ഒരു ഫോര്‍മാറ്റ് മതിയായി, അത് ശരിയാകില്ല. ഷെഡ്യൂള്‍ നോക്കേണ്ടതുണ്ട്, ഇപ്പോള്‍ ഇത് ഒരു തമാശയാണ്,’ ഹുസൈന്‍ പറഞ്ഞു.
ടെസ്റ്റും ഏകദിനവും ഇഷ്ടപ്പെട്ടതിനാല്‍ കളിക്കാര്‍ ഏകദിനം മറക്കുവാണെന്നും അദ്ദേഹം പറഞ്ഞു.
’50 ഓവര്‍ ക്രിക്കറ്റിനെയാണ് ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത്. കാരണം എല്ലാവരും ടെസ്റ്റ് മാച്ച് ക്രിക്കറ്റിനെയും ട്വന്റി-20 ക്രിക്കറ്റിനെയും ഇഷ്ടപ്പെടുന്നു. ഐ.പി.എല്ലിന് മുമ്പത്തെക്കാള്‍ വലിയ വിന്‍ഡോ ലഭിക്കുന്നു. അതിനാല്‍ അത് കൂടുതല്‍ കാലം തുടരുകയും കളിക്കാര്‍ ഏകദിനത്തില്‍ നിന്നും പിന്‍മാറുകയും ചെയ്യും. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ വരാനിരിക്കുന്ന ഒരു ബൈലാറ്ററല്‍ പരമ്പരയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും പിന്മാറിയിരുന്നു. അത് അവര്‍ക്ക് ലോകകപ്പിലേക്കുള്ള യോഗ്യത നഷ്ടപ്പെടുത്തും, അത് വലിയ കാര്യമാണ്,’ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റോക്‌സിന്റെ വിരമിക്കല്‍ തന്നെ ഞെട്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Nasser Hussain Blames ICC for Stokes Sudden retirement from Odi