ചെന്ന് ഇന്ത്യയുടെ ആഘോഷം അവസാനിപ്പിക്കെടാ; ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് ഉപദേശവുമായി മുന്‍ നായകന്‍
icc world cup
ചെന്ന് ഇന്ത്യയുടെ ആഘോഷം അവസാനിപ്പിക്കെടാ; ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് ഉപദേശവുമായി മുന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th October 2023, 5:10 pm

വരാനിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് ടീമിന് ഉപദേശവുമായി മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്താനും ആതിഥേയരുടെ അണ്‍ ഡിഫീറ്റഡ് സ്ട്രീക് അവസാനിപ്പിക്കാനുമാണ് നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ടിനോടാവശ്യപ്പെടുന്നത്.

ഡെയ്‌ലി മെയിലില്‍ എഴുതിയ കോളത്തിലാണ് നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ട് ടീമിന്റെ പ്രകടനങ്ങളെ വിലയിരുത്തിയത്.

‘താരങ്ങള്‍ തങ്ങളുടെ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ട്. നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കുന്ന ക്ലീഷേകളുടെ ആരാധകനല്ല ഞാന്‍, എന്നാലിപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് അതുതന്നെയാണ്. അവര്‍ ഞായറാഴ്ച് ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുകയും ഇന്ത്യയുടെ ആഘോഷങ്ങള്‍ക്ക് വിരാമമിടുകയും വേണം.

നിങ്ങള്‍ എത്രത്തോളം മികച്ച താരങ്ങളാണെന്നും മികച്ച ക്രിക്കറ്റ് കളിക്കുന്നവരാണന്നും, ഇപ്പോഴും അതുപോലെ കളിക്കുന്നുണ്ടെന്നും ഇന്ത്യക്കും ലോകത്തിനും ഒരുപോലെ കാണിച്ചുകൊടുക്കണം,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തിന് കാരണം ഡൊമസ്റ്റിക് ക്രിക്കറ്റാണെന്നുള്ള വിമര്‍ശനങ്ങള്‍ക്കെതിരെയും നാസര്‍ ഹുസൈന്‍ പ്രതികരിച്ചു. ഇംഗ്ലണ്ടിന്റെ 50 ഓവര്‍ സമ്പ്രദായം മറ്റേത് രാജ്യത്തേക്കാളും ദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ ദി ഹണ്ട്രഡിനെയും വൈറ്റാലിറ്റി ബ്ലാസ്റ്റിനെയും കുറ്റപ്പെടുത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ടോപ് താരങ്ങളൊന്നും അധികമായി 50 ഓവര്‍ കിക്കറ്റ് കളിക്കാറില്ല. എന്നാല്‍ ഇത് ദുര്‍ബലമായ ഒഴിവുകഴിവാണ് എന്നത് എനിക്കും അറിയാം.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും എത്രത്തോളം 50 ഓവര്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഹെന്റിച്ച് ക്ലാസന്റെ കാര്യമോ? ലോകത്തെമ്പാടുമുള്ള താരങ്ങള്‍ ടി-20യില്‍ നിന്നുമാണ് അനുഭവങ്ങള്‍ ആര്‍ജിക്കുന്നത്.

എന്നാല്‍ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ സ്വന്തം ഡൊമസ്റ്റിക് മത്സരങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള എക്‌സ്പീരിയന്‍സ് നേടുന്നത്. ആഗോള തലത്തില്‍ ഇംഗ്ലണ്ടിനെ ഒരു മികച്ച വൈറ്റ് ബോള്‍ ടീമാക്കി മാറ്റുന്നതില്‍ ഇത് ഏറെ പങ്കുവഹിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ശ്രീലങ്കക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയം മാത്രമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കുള്ളത്.

ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ആദ്യ നാലിലേക്ക് ഇംഗ്ലണ്ടിന് വിദൂര സാധ്യതയെങ്കിലും കല്‍പിക്കപ്പെടുന്നത്. മറ്റുടീമുകളുടെ ജയപരാജയങ്ങളും ഇംഗ്ലണ്ടിന് നിര്‍ണമായകമാകും.

അതേസമയം, കളിച്ച എല്ലാ മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ വിജയിച്ച് തങ്ങളുടെ അണ്‍ബീറ്റണ്‍ സ്ട്രീക് തുടരാന്‍ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്.

 

 

Content Highlight:Nasser Hussain advises England to beat India