ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസീസിന് മുമ്പില്‍ ഇന്ത്യ പതറുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ടീം സ്‌കോര്‍ 75 കടക്കും മുമ്പേ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയുമടക്കം നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ഇന്ത്യ താളം കണ്ടെത്താന്‍ പാടുപെടുന്നത്.
നേരത്തെ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിനെ തച്ചുതകര്‍ത്തുകൊണ്ട് ഓസീസിന്റെ ബാറ്റിങ് നിര റണ്‍സ് ഉയര്‍ത്തിയിരുന്നു. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളാണ് ഓസീസിന് തുണയായത്. ഇവര്‍ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയുടെയും വാര്‍ണറിന്റെ പ്രകടനങ്ങളും കങ്കാരുക്കള്‍ക്ക് തുണയായി.
പേസര്‍മാരെ തുണയ്ക്കുന്ന ഓവലിലെ പിച്ചില്‍ ഇന്ത്യ എന്തുകൊണ്ട് ഫാസ്റ്റ് ബോള്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന പാണ്ഡ്യ എവിടെയന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
‘രാവിലെ ടോസിനിറങ്ങുമ്പോള്‍ തങ്ങളുടെ സൈഡിനെ കുറിച്ച് ഇന്ത്യക്ക് കാര്യമായ ധാരണയൊന്നുമുണ്ടായിരുന്നില്ല എന്ന് ഉറപ്പാണ്. എന്നാല്‍ ഓസീസ് അങ്ങനെ ആയിരുന്നില്ല, അവര്‍ക്കെല്ലാം ക്രിസ്റ്റല്‍ ക്ലിയറായിരുന്നു. കാമറൂണ്‍ ഗ്രീനിന് കാര്യമായി പലതും ചെയ്യാനുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അവന്‍ ടീമിന് ബാലന്‍സ് നല്‍കുകയാണ്. ഇതുപോലെ ഒരാള്‍ തങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് ഇന്ത്യയും ആഗ്രഹിക്കുന്ന തരത്തിലുള്ള ക്രിക്കറ്ററാണ് അദ്ദേഹം.
ഷര്‍ദുല്‍ താക്കൂര്‍ വളരെ മികച്ച ഒരു സീം ബൗളിങ് ഓള്‍ റൗണ്ടറാണ്. ഇന്ത്യയുടെ കാര്യമെടുക്കുമ്പോള്‍, അവര്‍ക്ക് ജഡേജയും അശ്വിനും അക്‌സര്‍ പട്ടേലുമുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവര്‍ പെര്‍ഫെക്ട് ഓള്‍ റൗണ്ടര്‍മാരാണ്. എന്നാല്‍ ഓവര്‍സീസ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ സീം ബൗളിങ് ഓള്‍ റൗണ്ടര്‍മാരുടെ കാര്യമോ? അവരെവിടെ? ഹര്‍ദിക് പാണ്ഡ്യ എവിടെ?,’ റിക്കി പോണ്ടിങ്ങുമായുള്ള സംഭാഷണത്തിനിടെ നാസര്‍ ഹുസൈന്‍ ചോദിച്ചു.
എന്നാല്‍ തന്റെ കരിയറില്‍ പോലും കരിനിഴല്‍ വീഴ്ത്തിയ ബാക്ക് ഇന്‍ജുറിക്ക് ശേഷം ടെസ്റ്റ് ഭാവിയെ കുറിച്ച് ഹര്‍ദിക്കിന് കാഴ്ചപ്പാടുണ്ടായിരുന്നുവെന്ന് പോണ്ടിങ് വ്യക്തമാക്കി.
‘നേരത്തെ കമന്ററിക്കിടയിലും ഇക്കാര്യം അവര്‍ ചോദിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ കഠിനകരമായ അവസ്ഥയിലൂടെ മുന്നോട്ട് പോകാന്‍ തന്റെ ശരീരം അനുവദിക്കുന്നില്ലെന്ന് അവന്‍ (ഹര്‍ദിക്) നേരത്തെ പറഞ്ഞിരുന്നു,’ പോണ്ടിങ് പറഞ്ഞു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുകയും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകവുമായ പല താരങ്ങളേക്കാള്‍ മുമ്പ് തന്നെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് അവരോട് ചെയ്യുന്ന നീതികേടാകുമെന്ന് പാണ്ഡ്യ പറഞ്ഞിരുന്നതായും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ ഇതിനോടകം തന്നെ നഷ്ടമായിരിക്കുകയാണ്. നിലവില്‍ 31 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 120 റണ്‍സിന് നാല് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.
Content highlight: Nasser Hussain about Hardik Pandya