| Thursday, 6th July 2023, 11:47 am

'അവനെ വെറുതെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല'; എംബാപ്പെയുടെ ട്രാന്‍സ്ഫറിനെ കുറിച്ച് നാസര്‍ അല്‍ ഖലൈഫി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കില്ലെന്ന് പ്രഖ്യാപിച്ചത് തന്നെ ആശ്ചര്യപ്പെടുത്തിയിരുന്നെന്ന് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി. കരാര്‍ പുതുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ എംബാപ്പെക്ക് ഡെഡ് ലൈന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തെ ഫ്രീ ഏജന്റായി പോകാന്‍ അനുവദിക്കില്ലെന്നും ഖലൈഫി പറഞ്ഞു. ലെ പാരീസിയന്‍സിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എംബാപ്പെ ക്ലബ്ബില്‍ തുടരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ഫ്രീ ഏജന്റായി പോകാന്‍ സമ്മതിക്കില്ല. പബ്ലിക് ആയി എംബാപ്പെ കരാര്‍ പുതുക്കാന്‍ സാധിക്കില്ലെന്ന തന്റെ തീരുമാനം അറിയിച്ചത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ പോലൊരു പ്രതിഭ ക്ലബ്ബ് വിടുന്നത് നിരാശാജനകമായ കാര്യമാണ്. അത് ക്ലബ്ബിനെ ക്ഷയിപ്പിക്കും. ഈ വിവരം ആദ്യം ഞാന്‍ അറിഞ്ഞപ്പോള്‍ ഞെട്ടലും നിരാശയുമായിരുന്നു എനിക്കനുഭവപ്പെട്ടത്,’ ഖലൈഫി പറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും റയല്‍ മാനേജ്‌മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ വലിയ തുക മുടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഈ സീസണില്‍ താരം ലോസ് ബ്ലാങ്കോസിനൊപ്പം ചേരില്ലെന്നാണ് സ്‌പോര്‍ട്ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തത്. 2024ല്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ എംബാപ്പെയുമായി ചര്‍ച്ചകള്‍ നടത്താന്‍ റയലിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Nasser Al Khelaifi talking about Kylian Mbappe’s contract with PSG

We use cookies to give you the best possible experience. Learn more