Advertisement
Football
'ലോകത്തെ ഏറ്റവും മികച്ച താരം'; മെസിയെ പുകഴ്ത്തി പി.എസ്.ജി പ്രസിഡന്റ്; അമ്പരന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 06, 04:59 am
Thursday, 6th July 2023, 10:29 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ച് താരത്തിന്റെ മുന്‍ ക്ലബ്ബായ പി.എസ്.ജിയുടെ പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് ഖലൈഫി മെസിയെ വിശേഷിപ്പിച്ചത്.

മെസി പി.എസ്.ജിക്കായി നല്‍കിയ സംഭാവനകള്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ഖലൈഫി പറഞ്ഞു. ഒരു വാര്‍ത്താ സമ്മേളനത്തിനിടെയാണ് മെസിയെ പ്രശംസിച്ച് ഖലൈഫി സംസാരിച്ചത്. പി.എസ്.ജിയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തെ തുടര്‍ന്ന് മാനേജ്‌മെന്റിനോട് വാക്തര്‍ക്കത്തിലേര്‍പ്പെട്ടാണ് മെസി ക്ലബ്ബ് വിട്ടതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഖലൈഫിയുടെ പരാമര്‍ശം.

‘ലോകത്തെ ഏറ്റവും മികച്ച താരമായ മെസി ഞങ്ങള്‍ക്കായി ചെയ്തതിനെല്ലാം ഞാന്‍ നന്ദി അറിയിക്കുന്നു. അദ്ദേഹം അസാധ്യ കളിക്കാരനാണ്. പി.എസ്.ജിയില്‍ മെസി ചെലവഴിച്ച രണ്ട് വര്‍ഷം അതി മനോഹരമായിരുന്നു. ഞങ്ങള്‍ മറക്കില്ല,’ ഖലൈഫി പറഞ്ഞു.

അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ ലയണല്‍ മെസി ജൂലൈയില്‍ ഇന്റര്‍ മിയാമിയുടെ ജേഴ്സി അണിയാന്‍ ഒരുങ്ങുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെക്കുക. ജൂലൈ 11ന് മെസി എം.എല്‍.എസ് ലീഗില്‍ തന്റെ അരങ്ങേറ്റ മത്സരം നടത്തും.

Content Highlights: Nasser Al Khelaifi praises Lionel Messi in a press conference