ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ 2024 ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശത്തിലാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ഇക്കുറി 20 ടീമുകളുണ്ട്.
ഐ.പി.എല്ലിന്റെ ഹാങ് ഓവറില്‍ നിന്ന് ലോകകപ്പിലേക്ക് എത്തുമ്പോള്‍ പ്രൗഢി നഷ്ടപ്പെട്ട ബാറ്റര്‍മാരെയാണ് കാണാന്‍ സാധിക്കുന്നത്, ഇതിനെല്ലാം കാരണമാകുന്ന ഒരേയൊരു പേരുമുണ്ട് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ പുതുതായി നിര്‍മിച്ച ‘നസാവു ഇന്റര്‍ നാഷണല്‍ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം’.
നസാവു സ്‌റ്റേഡിയത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. പിച്ചിന്റെ മോശം നിലവാരാം മുന്‍നിര്‍ത്തി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ കനത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ടി-20 കളിക്കാന്‍ അനുയോജ്യമല്ലാത്ത പിച്ചാണ് നസാവുവിലേതെന്നും പിച്ച് ബൗളര്‍മാരെ പിന്തുണയ്ക്കുകയും അതേസമയം ബാറ്റര്‍മാര്‍ക്ക് അപകടം ഉണ്ടാക്കുന്നതുമാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണടക്കമുള്ളവര്‍ പറയുന്നത്.
അമേരിക്കയിലെ അഡ്‌ലൈഡ് ഓവലില്‍ നിര്‍മിച്ച ഈ വിവാദ പിച്ച് ന്യൂയോര്‍ക്കിലെ സ്‌റ്റേഡിയത്തില്‍ സ്ഥാപിക്കുകയായിരുന്നു. പിച്ച് ബാറ്റര്‍മാര്‍ക്ക് തുണയാകുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തി തീര്‍ത്തും ബൗളര്‍മാരുടെ ആധിപത്യത്തിലേക്കാണ് വന്നെത്തിയത്.
ഇത് ഫലം കണ്ടത് ഡ്രോപ് പിച്ചില്‍ നടന്ന സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ മത്സരമാണ്. ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്ക 19.1 ഓവറില്‍ വെറും 77 റണ്‍സിനാണ് മടങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് കുറച്ച് പാട് പെട്ടെങ്കിലും 16.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി വിജയം സ്വന്തമാക്കി. അപ്രതീക്ഷിതമായ ബൗണ്‍സറും മിന്നല്‍ വേഗവും പുതിയ പിച്ച് ബൗളര്‍മാര്‍ക്ക് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. ബാറ്റര്‍മാര്‍ തലകുത്തി നിന്നിട്ടും പന്ത് കണക്ട് ചെയ്യാന്‍ സാധിച്ചില്ല.
പ്രോട്ടിയാസിന്റെ അന്റിച്ച് നോര്‍ക്യയുടെ തീ പാറുന്ന ബൗളിങ്ങിലാണ് ലങ്കയെ ചാരമാക്കാന്‍ കൂടുതല്‍ സഹായിച്ചത്. നാല് ഓവറില്‍ വെറും 7 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 1.75 എന്ന മികച്ച എക്കണോമിയിലാണ് നോര്‍ക്യ ശ്രീലങ്കയെ വിറപ്പിച്ചത്. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി കഗീസോ റബാദയും തിളങ്ങി. ഇരുവര്‍ക്കും പുറമേ അരങ്ങേറ്റക്കാരനായ ഒട്ടീനിയല്‍ ബര്‍ട്മാന്‍ ഒരു മെയ്ഡന്‍ അടക്കം വെറും ഒമ്പതു റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. 2.25 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരവും പന്തെറിഞ്ഞത്.
🔥 Nothing but rockets. #SLvSA
Anrich Nortje with an impressive display of pace bowling! #WozaNawe #BePartOfIt #OutOfThisWorld #T20WorldCup pic.twitter.com/H4613PG2ep
— Proteas Men (@ProteasMenCSA) June 3, 2024
ന്യൂയോര്‍ക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ തരിപ്പണമാക്കിയാണ് ഇന്ത്യ ലോകകപ്പില്‍ തുടക്കം കുറിച്ചത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ 16 ഓവറില്‍ 96 റണ്‍സിനാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. അയര്‍ലന്‍ഡിന്റെ എട്ട് വിക്കറ്റുകളും പിഴുതെറിഞ്ഞത് ഇന്ത്യന്‍ പേസര്‍മാര്‍ തന്നെയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതവും, സിറാജും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 12.2 ഓവറില്‍ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു.
ഐ.പി.എല്ലില്‍ തിളങ്ങിയ വിരാടിനെ ഒരു റണ്‍സിന് നഷ്ടമായപ്പോള്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 37 പന്തില്‍ 52 റണ്‍സ് നേടിയാണ് രോഹിത് തകര്‍ത്താടിയത്. എന്നാല്‍ അപ്രതീക്ഷിതമായ ഒരു ബൗണ്‍സറില്‍ പരിക്ക് മൂലം റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു രോഹിത്. ഒപ്പം നിന്ന റിഷബ് പന്ത് രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 26 പന്തില്‍ 36 റണ്‍സ് നേടി മത്സരം അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു.
ബാറ്റര്‍മാര്‍ക്ക് ന്യൂയോര്‍ക്ക് പിച്ച് വിനയായപ്പോള്‍ ബൗളര്‍മാര്‍ പതിന്‍ മടങ്ങ് ആവേശത്തോടെയാണ് പന്തെറിയുന്നത്. ഐ.പി.എല്ലില്‍ ചെണ്ടയെന്ന് വിളിച്ച അന്റിച്ച് നോര്‍ക്യ വമ്പന്‍ തിരിച്ച് വരവ് തന്നെയാണ് നടത്തിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടി ആറ് മത്സരത്തില്‍ നിന്ന് 132 പന്തെറിഞ്ഞ നോര്‍ക്യ 294 റണ്‍സ് വഴങ്ങിയാണ് ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ 13.36 എക്കണോമിയില്‍ നിന്ന് ലോകകപ്പിലേക്ക് കുതിച്ചപ്പോള്‍ 1.75 എക്കണോമിയാണ് ആദ്യ മത്സരത്തില്‍ നോര്‍ക്യ സ്വന്തമാക്കിയത്.
പഞ്ചാബിന് വേണ്ടി പന്തെറിഞ്ഞ കഗീസോ റബാദയും 11 മത്സരത്തില്‍ നിന്ന് 372 റണ്‍സ് വിട്ട്‌കൊടുത്ത 11 വിക്കറ്റ് നേടി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്തിന് പറയുന്നു ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ വരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോള്‍ വമ്പന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
What a ball from Vice Captain Hardik Pandya. 💪 pic.twitter.com/rk76b8Dbdj
— Johns. (@CricCrazyJohns) June 5, 2024
14 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് ഹര്‍ദിക്കിന്റെയും സമ്പാദ്യം. ഐ.പി.എല്ലിലെ 10.75 എന്ന എക്കണോമിയില്‍ നിന്ന് ലോകകപ്പിലെ ആദ്യമത്സരത്തില്‍ 6.75 എന്ന എക്കണോമിയില്‍ എത്തിയത്. ഐ.പി.എല്ലില്‍ കളിച്ച് ടീമില്‍ എത്തിയ പല ബൗളര്‍മാരും സത്യത്തില്‍ തലങ്ങും വിലങ്ങും അടിവാങ്ങിയവരാണ്. അതുകൊണ്ട് തന്നെ ലോകകപ്പിലെ നസാവു കൗണ്ടി ഗ്രൗണ്ട് ബൗളര്‍മാര്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള വലിയ ഊര്‍ജം തന്നെയാണ്.
അതേസമയം അയര്‍ലന്‍ഡിനോടുള്ള വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. പിച്ചിന്റെ സ്വഭാവം ആര്‍ക്കൊക്കെ ഗുണം ചെയ്യുമെന്ന് കണ്ടറിയണം.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Nassau County International Cricket Stadium Favour For Bowlers In t-20 world Cup