മലയാള സിനിമയോട് തനിക്ക് അസൂയയാണെന്ന് നടന്‍ നാസര്‍. മലയാളത്തില്‍ കണ്ടന്റാണ് രാജാവെന്നും അത് എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നുവെന്നും നാസര്‍ പറഞ്ഞു. കേരളത്തിലെ പ്രേക്ഷകര്‍ ഒരുപാട് സഹിഷ്ണുതയുള്ളവരാണെന്നും സിനിമ വേറെ, യഥാര്‍ഥ്യം വേറെ എന്ന് ഇവിടുത്തെ പ്രേക്ഷകര്‍ക്ക് അറിയാമെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ പറഞ്ഞു.
‘സത്യം പറയാമല്ലോ, എനിക്ക് മലയാള സിനിമയോട് കടുത്ത അസൂയയാണ്. കാരണം എന്തെന്ന് വച്ചാല്‍ ഇവിടെ കണ്ടന്റാണ് രാജാവ്. അത് എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ് ഭരതന്റെയും പത്മരാജന്റെയും എം.ടി. വാസുദേവന്‍ നായരുടെയും സിനിമകള്‍ കാണുന്നത്. ഉള്ളടക്കത്തില്‍ അന്താരാഷ്ട്ര സിനിമകളുടെ നിലവാരമാണ് അവരുടെ സിനിമകള്‍ക്ക്. അതും മുഖ്യധാരാ സിനിമയില്‍.
കേരളത്തിലെ പ്രേക്ഷകര്‍ ഒരുപാട് സഹിഷ്ണുതയുള്ളവരാണ്. ഉദാഹരണത്തിന് ഫഹദ് ഫാസിലിന്റെ ‘ട്രാന്‍സ്’ പോലൊരു സിനിമ ഇന്ത്യയിലെ മറ്റൊരു സ്റ്റേറ്റിലും എടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സിനിമ വേറെ, യഥാര്‍ഥ്യം വേറെ എന്ന് ഇവിടുത്തെ പ്രേക്ഷകര്‍ക്ക് അറിയാം. ഇവിടത്തെ മുന്‍നിര താരങ്ങളിലും പലരും ഇമേജ് നോക്കാതെ വില്ലനോ സഹതാരമോ എന്നൊന്നും നോക്കാതെ അഭിനയിക്കും. അതുകൊണ്ടു തന്നെ നമുക്ക് അവരുടെ കഥാപാത്രങ്ങള്‍ എങ്ങനെയിരിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകില്ല,’ നാസര്‍ പറഞ്ഞു.
മലയാളം ഉള്‍പ്പെടെ പല ഇന്‍ഡസ്ട്രികളില്‍ അഭിനയിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ’35 വര്‍ഷത്തിലേറെയായി ഈ യാത്ര. വളരെ മനോഹരം എന്നേ പറയാനുള്ളൂ. ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. എല്ലാ അനുഭവങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സന്തോഷം തോന്നിയ നിമിഷങ്ങളുണ്ട്, വേദന തോന്നിയ നിമിഷങ്ങളുണ്ട്, ഭയപ്പെട്ടിട്ടുണ്ട്, വയ്യായ്ക തോന്നിയിട്ടുണ്ട്.
ഓരോ ഭാഷയിലെയും അനുഭവം വ്യത്യസ്തമാണ്. പ്രത്യേകിച്ച് മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. സൂപ്പര്‍സ്റ്റാര്‍, സഹഅഭിനേതാവ് തുടങ്ങിയ വിവേചനങ്ങളില്ല. ഒഴിവ് സമയങ്ങളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശ പറയുകയുമൊക്കെ ചെയ്യും.
തെലുങ്കില്‍ സ്റ്റാര്‍ സ്റ്റാറായി തന്നെ നില്‍ക്കും. ഹിന്ദി സിനിമ അല്‍പ്പം കൂടി പ്രൊഫഷണലാണ്. പൂര്‍ത്തിയാക്കിയ തിരക്കഥ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ നമ്മളെ ഏല്‍പ്പിക്കും. കൂടാതെ വായിച്ച് കേള്‍പ്പിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് സിനിമ എന്ന് പറഞ്ഞാല്‍ ആവര്‍ത്തന വിരസത ഒട്ടുമില്ലാത്ത, ഒരിക്കലും മടുപ്പിക്കാത്ത ഒരു യാത്രയാണ്.
എല്ലാവര്‍ക്കും പലവിധത്തിലുള്ള കലകളോടും താല്‍പര്യം ഉണ്ടായിരിക്കും. എന്നാല്‍, അതില്‍ നിന്നുകൊണ്ടുള്ള വരുമാനത്തില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ല. എന്നെ സംബന്ധിച്ച് അതിനുള്ള ഭാഗ്യം ലഭിച്ചു,’ നാസര്‍ പറഞ്ഞു.
Content Highlight: Nassar says that he is envious of Malayalam cinema