ഫഹദ് ഫാസിൽ ഏറ്റവും മികച്ച നടനാണെന്ന് തമിഴ് താരം നാസർ. മലയാളത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ട്രാൻസ് എന്നും തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഫഹദിനല്ലാതെ മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ട്രാൻസ് ആണ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഞാൻ തിയേറ്ററിൽ പോയി കണ്ടതാണ്. ഫഹദ് ഏറ്റവും മികച്ച നടനാണ്. വളരെ യുണിക് ആയിട്ടുള്ള ഒരു നടനാണ് ഫഹദ് എന്നാണ് എനിക്ക് തോന്നുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. അത് ഫഹദിനെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും ചെയ്യാൻ കഴിയില്ല.
തീർച്ചയായും ഫഹദ് ഒരു മികച്ച നടനാണ്. കാരണം പുഷ്പ ഞാൻ ആന്ധ്രയിലെ തിയേറ്ററിൽ പോയി കണ്ടതാണ്. ഒരു വലിയ ഹീറോ വന്നപോലെയാണ് ഓഡിയൻസ് കയ്യടിച്ചത്. അതുകൊണ്ടുതന്നെ ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ഫഹദ് എന്ന് നമുക്ക് പറയാം,’ നാസർ പറഞ്ഞു.
അഭിമുഖത്തിൽ സ്ഫടികം എന്ന ചിത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സ്ഫടികത്തിൽ താൻ ആയിരുന്നു ആദ്യം വില്ലൻ ആകേണ്ടിയിരുന്നതെന്നും എന്നാൽ തനിക്ക് ഡേറ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്ഫടികത്തിൽ ആദ്യം വില്ലൻ ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു. കഥയുമായി എന്നെ അവർ സമീപിച്ചിരുന്നു. എന്നാൽ എനിക്ക് അപ്പോൾ ഡേറ്റ് ഉണ്ടായിരുന്നില്ല. അതുപോലെ ഒരുപാട് പടങ്ങൾ ഞാൻ മലയാളത്തിൽ മിസ് ചെയ്തിട്ടുണ്ട്. എങ്കിലും ചില നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഗസൽ എന്ന ചിത്രത്തിലേക്ക് എത്താനും എനിക്ക് കഴിയില്ലായിരുന്നു. എനിക്കുവേണ്ടി ഒരു ഷെഡ്യൂൾ നീക്കി വെക്കുകയായിരുന്നു. അതുപോലെയാണ് ഒളിമ്പ്യൻ അന്തോണി ആദം ചെയ്തത്, ഒത്തിരി അഡ്ജസ്റ്റ് ചെയ്താണ് അഭിനയിക്കാൻ എത്തിയത്,’ നാസർ പറഞ്ഞു.