മോഹന്‍ലാലിനൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ നാസര്‍. ഷൂട്ട് തീര്‍ന്ന് പാക്കപ്പ് പറഞ്ഞതിന് ശേഷവും പിറ്റേദിവസത്തെ ഡയലോഗ് രാത്രി 12:30 വരെ പഠിച്ചിട്ടാണ് മോഹന്‍ലാല്‍ പോയതെന്ന് നാസര്‍ പറഞ്ഞു. പുതിയ തലമുറയിലുള്ള അഭിനേതാക്കള്‍ പോലും അങ്ങനെ ചെയ്യില്ലെന്നും അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് അവര്‍ പോകുമെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു സൂപ്പര്‍താരത്തിന് അപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കൂടെ അഭിനയിക്കുന്നവരെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ്. വലിയ താരമാണെന്ന ഭാവമോ അഹങ്കാരമോ ലവലേശം ഇല്ല. ഞാന്‍ മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത സിനിമ വളരെ മോശമായിരുന്നു, അതിന് മാപ്പ്.
മോഹന്‍ലാലുമായുള്ള എന്റെ അനുഭവം പറയാം, ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. 10:30-ന് പാക്കപ്പായി. മോഹന്‍ലാല്‍ എന്നോട് യാത്ര പറഞ്ഞ് താമസിക്കുന്ന ഹോട്ടലില്‍ പോകാനായി കാറില്‍ കയറി.
അതിനിടെ കാറിന് പുറത്ത് നിന്നിരുന്ന സഹസംവിധായകനോട് നാളെ എന്താണ് സീന്‍ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. സീന്‍ എന്താണെന്ന് പറഞ്ഞതിന് ശേഷം സഹസംവിധായകന്‍ മോഹന്‍ലാലിനോട് പറഞ്ഞു, സാര്‍ ഇതില്‍ ഒരു വലിയ സംഭാഷണമുണ്ട്. ഉടനെ തന്നെ മോഹന്‍ലാല്‍ കാറില്‍നിന്ന് ചാടിയിറങ്ങി.
ഒരു നോട്ട് പാഡ് സംഘടിപ്പിച്ച് ഡയലോഗ് എഴുതിയെടുത്തു. എന്നിട്ട് അത് പഠിച്ചതിന് ശേഷമാണ് മടങ്ങിപ്പോയത്. അപ്പോഴേക്കും സമയം ഏതാണ്ട് 12 മണിയായി. ഇങ്ങനെ പുതിയ തലമുറയിലുള്ള അഭിനേതാക്കള്‍ പോലും ചെയ്യില്ല. അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് അവര്‍ പോകും.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു മാനസിക സമ്മര്‍ദവുമില്ലാതെ, ആകുലതകളില്ലാതെ അഭിനയിക്കാം. മുഖം സിനിമ ചെയ്യുമ്പോള്‍ എനിക്ക് മലയാളം ഒരു തരിപോലും അറിയില്ലായിരുന്നു. നന്നായി സംസാരിക്കാന്‍ സാധിക്കില്ലെങ്കിലും ഇപ്പോള്‍ കേട്ടാല്‍ മനസിലാകും. അന്ന് അത്ര പോലും നിശ്ചയമില്ല. അന്ന് എന്നെ ഏറ്റവും അധികം സഹായിച്ചത് മോഹന്‍ലാലാണ്. സംഭാഷണങ്ങളുടെ അര്‍ഥം പറഞ്ഞു തരുന്നതിനൊപ്പം തന്നെ പോസ് എവിടെ വേണമെന്നെല്ലാം കൃത്യമായി പറഞ്ഞു തന്നു,’ നാസര്‍ പറഞ്ഞു.
Content Highlight: Nassar about the dedication of Mohanlal