നടന്‍, സംവിധായകന്‍, ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് നാസര്‍. നാടകത്തിലൂടെ സിനിമയിലെത്തിയ നാസര്‍ തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, ബെംഗാളി ഭാഷകളിലായി 500ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. 1990കള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നാസര്‍.
തമിഴ് സിനിമയില്‍ പല ധീരമായ പരീക്ഷണങ്ങളും ആദ്യം ചെയ്തത് കമല്‍ ഹാസനാണെന്ന് പറയുകയാണ് നാസര്‍. അത്തരത്തില്‍ പല പരീക്ഷണങ്ങളും റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് സിനിമാലോകം അതിനെപ്പറ്റി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു. കമല്‍ ഹാസന്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കുരുതിപ്പുനല്‍ എന്നും താനായിരുന്നു അതില്‍ വില്ലനായതെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.
അതുവരെ എല്ലാ തമിഴ് സിനിമകളിലും പാട്ടുകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ കുരുതിപ്പുനലില്‍ പാട്ടുകള്‍ ഇല്ലായിരുന്നെന്നും നാസര്‍ പറഞ്ഞു. അന്നത്തെ സിനിമാലോകം കുരുതിപ്പുനലിനെ അത്ഭുതത്തോടെയാണ് കണ്ടതെന്നും പലരും അത് കണ്ട് അദ്ദേഹത്തെ വാണ്‍ ചെയ്തിരുന്നെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ നിര്‍മാതാവും കമല്‍ ഹാസനായിരുന്നെന്നും നാസര്‍ പറഞ്ഞു.
ചിത്രം വലിയ കളക്ഷന്‍ നേടണമെന്ന് കമല്‍ ഹാസന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബജറ്റിനെക്കാള്‍ ഒരു രൂപ തിരികെ കിട്ടിയാല്‍ താന്‍ സന്തോഷപ്പെടുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയോട് അത്രമാത്രം പാഷനുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ സാധിക്കുള്ളൂവെന്നും നാസര്‍ പറഞ്ഞു. മദന്‍ ഗൗരിയോട് സംസാരിക്കുകയായിരുന്നു നാസര്‍.
‘തമിഴിലെ പല ധീരമായ പരീക്ഷണങ്ങളും ആദ്യമായി ചെയ്തത് കമല്‍ സാറാണ്. അന്ന് അതില്‍ പലതും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് അദ്ദേഹം പ്രചോദനമായി മാറി. അദ്ദേഹത്തിന്റെ പരീക്ഷണസിനിമകളിലൊന്നാണ് കുരുതിപ്പുനല്‍. കമല്‍ സാറും അര്‍ജുനുമായിരുന്നു ലീഡ്. അതിലെ വില്ലനായത് ഞാനായിരുന്നു. ആ സിനിമയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അതില്‍ ഒരൊറ്റ പാട്ടുമില്ല.
അന്ന് പാട്ടില്ലാത്ത സിനിമയെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. സിനിമയാണെങ്കില്‍ പാട്ട് വേണമെന്ന് നിര്‍ബന്ധമായിരുന്നു. പാട്ടുകളില്ലാതെയും സിനിമ ചെയ്യാമെന്ന് കുരുതിപ്പുനലിലൂടെ കമല്‍ സാര്‍ കാണിച്ചു. പാട്ടില്ലെങ്കില്‍ പടം ഓടില്ലെന്ന് പറഞ്ഞവരോട് അദ്ദേഹത്തിന്റെ മറുപടി ‘ഇതിന്റെ ബജറ്റിനെക്കാള്‍ ഒരുരൂപ അധികം കിട്ടിയാല്‍ ഞാന്‍ ഹാപ്പിയാണ്’ എന്നായിരുന്നു. സിനിമയോട് അത്രമാത്രം പാഷനുള്ള ഒരാള്‍ക്ക് മാത്രമേ അത് പറയാന്‍ സാധിക്കൂ,’ നാസര്‍ പറഞ്ഞു.
Content Highlight: Nassar about Kamal Haasan’s experimental movies