പാരിസ്: ഒടുവില്‍ അത് സംഭവിച്ചു. സ്‌പെയിനിനോട് 2-0ന് പരാജയപ്പെട്ട മല്‍സരത്തിനു ശേഷം മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്തു സംസാരിച്ച ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്രി മാപ്പു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്കു ശേഷം മിക്‌സഡ് സോണിലൂടെ നടന്നു പോകുമ്പോഴായിരുന്നു നസ്രിയുടെ തെറി പ്രകടനം.
“എന്റെ വാക്കുകള്‍ അതിരുകടന്നു പോയി. അത് തെറ്റായിരുന്നെന്ന് എനിയ്ക്ക് ഇപ്പോള്‍ മനസ്സിലായി. അങ്ങനെയൊരു പെരുമാറ്റം എന്നില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു. അതില്‍ ആത്മാര്‍ഥമായി ഞാന്‍ ഖേദിക്കുന്നു. ഞാന്‍ ഫ്രാന്‍സ് ടീമിനെ അകമഴിഞ്ഞു സ്‌നേഹിക്കുന്നു. ഞാനും ഏതാനും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ പൊതുസദസ്സിലേക്കു വലിച്ചിഴയ്ക്കപ്പെട്ടതില്‍ അതിയായി ഖേദിക്കുന്നു.” -നസ്രി പറഞ്ഞു.
ഫ്രാന്‍സിന്റെ തോല്‍വിയെക്കുറിച്ച് നസ്രിയോട് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകനു നേരെ സമീര്‍ നസ്രി ക്ഷോഭത്തോടെ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പ്രശ്‌നമുണ്ടാക്കാനാണ് നിങ്ങളുടെ ശ്രമം എന്ന് പറഞ്ഞു തുടങ്ങിയ നസ്രി അശ്ലീലമായ ഭാഷയിലാണ് മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചത്.
നസ്രിയുടെ ഈ പെരുമാറ്റത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നസ്രിയുടെ ഇത്തരം സ്വഭാവം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കളിക്കാര്‍ കുറച്ചുകൂടി മാന്യമായി പെരുമാറണമെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നോയല്‍ ഡി ഗ്രാന്റ് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു മുന്‍പും നസ്രി വിവാദങ്ങളുടെ പിടിയിലായിരുന്നു. ഗ്രൂപ്പ് മല്‍സരത്തില്‍ ഗോള്‍ നേടിയ ശേഷം മീഡിയ ബോക്‌സിലെ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്ക് “ഷട്ടപ്പ്” എന്ന ആംഗ്യം കാട്ടിക്കൊണ്ടായിരുന്നു നസ്രി അന്ന് വിവാദത്തിന് തിരികൊളുത്തിയത്. ക്വാര്‍ട്ടര്‍ഫൈനലിന് മുമ്പുതന്നെ പരിശീലകനും നസ്രിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സ്‌പെയിനിനെതിരായ മത്സരത്തില്‍ പകരക്കാരനായാണ് മാഞ്ചസ്റ്റര്‍സിറ്റി താരത്തെ കളത്തിലിറക്കിയത്.