പ്രേമലു സിനിമക്ക് ശേഷം തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെ ഓഫര്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് നസ്‌ലെന്‍. എന്നാല്‍ തനിക്ക് തെലുങ്ക് അറിയില്ലെന്നും ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ കിട്ടില്ലെന്നും താരം പറയുന്നു.
തനിക്ക് ഒരു സിനിമയില്‍ ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ ഫീല്‍ ചെയ്യണമെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റൂഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കൂട്ടുകാരന്റെ കഥാപാത്രത്തിലേക്കാണ് കൂടുതലും കോളുകള്‍ വരുന്നതെന്നും ഒരു ഗ്രൂപ്പ് വിളിച്ചത് പ്രേമലുവിലെ സംഗീത് പ്രതാപിന്റെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തെ പോലെയുള്ള റോളിലേക്കാണെന്നും നസ്‌ലെന്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘പ്രേമലുവിന് ശേഷം തെലുങ്കില്‍ നിന്നൊക്കെ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെലുങ്ക് അറിയണ്ടേ. ആ ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ നമുക്ക് അതിന്റെ ഇമോഷന്‍ കിട്ടില്ല. എനിക്ക് ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ ഫീല്‍ ചെയ്യണം. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും കോളുകള്‍ വരുന്നുണ്ട്.
കൂട്ടുകാരന്‍ കഥാപാത്രത്തിലേക്കാണ് കൂടുതലും കോള്‍ വരുന്നത്. ഒരു ഗ്രൂപ്പ് പറഞ്ഞത് അമല്‍ ഡേവിസിനെ പോലെയുള്ള കഥാപാത്രമാണ് എന്നാണ്. ഞാന്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാമെന്ന തീരുമാനത്തിലാണ്. അത്രയും നല്ലതായ, അല്ലെങ്കില്‍ നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വരികയാണെങ്കില്‍ ചെയ്യാം,’ നസ്‌ലെന്‍ പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മമിത ബൈജുവും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നായിരുന്നു.
ഹൈദരാബാദിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രണയകഥയായിരുന്നു പ്രേമലുവില്‍ പറഞ്ഞത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. മമിത ബൈജുവിനും നസ്‌ലെനും പുറമെ മീനാക്ഷി രവീന്ദ്രന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ മാത്യൂ തോമസ് ഒരു ഗസ്റ്റ് റോളില്‍ എത്തിയിരുന്നു.
Content Highlight: Naslen Talks About Telugu Movie Offer After Premalu