| Friday, 1st November 2024, 8:54 pm

ഈ പ്രായത്തില്‍ മാത്രമേ എനിക്ക് അത്തരം സിനിമകള്‍ ചെയ്യാനാകുള്ളൂ: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.

തുടര്‍ച്ചയായി പ്രണയ സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ അയാം കാതലന്‍ എന്ന സിനിമയുടെ ഭാഗമായി രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍. ഈ സിനിമയില്‍ പ്രണയം കുറവാണെന്ന് പറയുന്ന നടന്‍ ഈ പ്രായത്തില്‍ മാത്രമേ പ്രണയ സിനിമകള്‍ ചെയ്യാന്‍ പറ്റുകയുള്ളൂവെന്നും പറയുന്നു.

‘കാതലനില്‍ പ്രണയം കുറവാണ്. പിന്നെ ഈ പ്രായത്തില്‍ മാത്രമേ ഇത്തരം സബ്‌ജെക്റ്റുകളുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് ഓരോ സിനിമ വരുമ്പോഴും എക്‌സൈറ്റിങ്ങായിട്ട് അതില്‍ എന്താണ് ചെയ്യാനുള്ളതെന്നാണ് നോക്കാറുള്ളത്.

അതിനൊപ്പം നമുക്ക് ചാലഞ്ചിങ്ങായ സ്‌ക്രിപ്‌റ്റോ നമുക്ക് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സംവിധായകരോ വന്നാല്‍ ചെയ്യും. സ്റ്റീരിയോടൈപ്പ് ആകാതിരിക്കാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ബോധപൂര്‍വം അതില്‍ ഒന്നും ചെയ്യാനില്ല. നമുക്ക് വരുന്നതില്‍ നിന്ന് മികച്ചത് നോക്കി തെരഞ്ഞെടുക്കാമെന്നേയുള്ളൂ. റിപ്പീറ്റേഷന്‍ വരരുതെന്ന് മനസില്‍ ഒരു ബോധമുണ്ട്,’ നസ്‌ലെന്‍ പറയുന്നു.

നെയ്മര്‍ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് തന്നോട് ഗിരീഷ് എ.ഡി അയാം കാതലന്റെ കഥ പറയുന്നതെന്നും താന്‍ സ്ഥിരം ചെയ്യുന്ന ടൈപ്പ് സിനിമയല്ലെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായിരുന്നെന്നും ഗിരീഷ് എ.ഡി മറ്റൊരു തരത്തിലുള്ള സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ താന്‍ എക്‌സൈറ്റായെന്നും നസ്‌ലെന്‍ പറഞ്ഞു.

‘നെയ്മറിന്റെ ഷൂട്ട് നടക്കുമ്പോഴാണ് എന്നോട് കാതലന്റെ കഥ പറയുന്നത്. ആളുകള്‍ പറയുന്നത് പോലെ ഞാന്‍ സ്ഥിരം ചെയ്യുന്ന ഒരു ടൈപ്പ് സിനിമയല്ല ഇത്. ഒരു ത്രില്ലിങ് സ്വഭാവമുള്ള സിനിമയാണ് കാതലന്‍. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു.

ഗിരീഷേട്ടന്‍ വേറെ തരത്തിലുള്ള ഒരു സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എക്‌സൈറ്റായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ സിനിമ കമ്മിറ്റ് ചെയ്തത്. കാതലനില്‍ പ്രേമം ഒരു എലമെന്റായി വരുന്നുണ്ട്. പക്ഷെ മെയിന്‍ എലമെന്റ് വേറെയാണ്. സൈബര്‍ ക്രൈമും മറ്റുമാണ് പറയുന്നത്,’ നസ്‌ലെന്‍ പറയുന്നു.


Content Highlight: Naslen Talks About Romantic Movies

We use cookies to give you the best possible experience. Learn more