|

അന്ന് രാജുവേട്ടന്‍ ആദ്യം ഓര്‍ത്തത് എന്റെ പേര്; ആ സ്‌നേഹം ഞാന്‍ സ്വപ്‌നം കണ്ടതിലും അപ്പുറം: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ നടന്‍ ഈ വര്‍ഷം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ പ്രേമലുവെന്ന സിനിമയില്‍ നായകനായിരുന്നു. നസ്‌ലെന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ആ സിനിമ.

റോഷന്‍ മാത്യുവും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച് 2021 പുറത്തിറങ്ങിയ കുരുതി എന്ന സിനിമയിലും നസ്‌ലെന്‍ അഭിനയിച്ചിരുന്നു. കുരുതി സിനിമയുടെ സമയത്ത് നസ്‌ലെന്‍ മിടുക്കനാണെന്നും അവന്‍ വലിയ സ്റ്റാറായി വരുമെന്ന് തോന്നുന്നുവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വൈറലായ ആ വീഡിയോയെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. പൃഥ്വിരാജ് തന്നെ കുറിച്ച് പറയുന്ന വീഡിയോ കണ്ടപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയതെന്നാണ് നടന്‍ പറയുന്നത്.

Naslen

ഇന്റര്‍വ്യൂവില്‍ മറുപടി പറയുമ്പോള്‍ ആദ്യം തന്റെ പേര് ഓര്‍ത്തതില്‍ അഭിമാനവുമുണ്ടെന്നും നസ്‌ലെന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്ക് രാജുവേട്ടന്‍ എന്നെ കുറിച്ച് പറയുന്ന വീഡിയോ കാണുമ്പോള്‍ വലിയ സന്തോഷമാണ്. ഇന്റര്‍വ്യൂവില്‍ ഒരു ചോദ്യം ചോദിച്ച സമയത്ത് അദ്ദേഹം ആദ്യം ഓര്‍ത്തത് എന്റെ പേരാണ്. അങ്ങനെ ഓര്‍ത്തതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അതില്‍ എനിക്ക് ഒത്തിരി അഭിമാനവുമുണ്ട്.

ഇവരുടെ അടുത്ത് നിന്നൊക്കെ കിട്ടുന്ന സ്‌നേഹം നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിലും സ്വപ്‌നം കാണുന്നതിലും അപ്പുറത്താണ്. പിന്നെ രാജുവേട്ടന്റെ പ്രഡിക്ഷന്‍സ് വലിയ വൈറലാണ്. അദ്ദേഹം ഇലുമിനാറ്റി ആണല്ലോ (ചിരി),’ നസ്‌ലെന്‍ പറഞ്ഞു.


Content Highlight: Naslen Talks About Prithviraj Sukumaran

Video Stories