| Sunday, 28th April 2024, 5:00 pm

സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നത് ഇരുവരും അതുകണ്ട് പൊളിയുന്നുവെന്ന് മാത്രം; ഞങ്ങളുടെ റിയാക്ഷന്‍ കണ്ട് ഗിരീഷേട്ടന്‍ ചിരിച്ചു: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പോയാണ് നസ്‌ലെന്‍ – സംഗീത് പ്രതാപ് കോമ്പോ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ഇരുവരുടെയും.

മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമലു. നസ്‌ലെന്‍ സച്ചിന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച അമല്‍ ഡേവിസ് ഏറെ പ്രശംസ നേടിയിരുന്നു.

ചിത്രത്തില്‍ ശ്യാം മോഹന്‍ കൃഷ്ണനായി എത്തുന്ന പാട്ട് സീനില്‍ താനും സംഗീതും ചേര്‍ന്ന നല്‍കിയ റിയാക്ഷന്‍സിനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. ക്യൂ സ്റ്റൂഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്കും സംഗീതിനും ഇടയിലുള്ള കെമിസ്ട്രി ഗ്രാജുവലി ഉണ്ടായതാണ്. ആദ്യത്തെ ഒരാഴ്ച്ചയൊക്കെ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ഇടയില്‍ ഒരു കണക്ഷന്‍ ഉണ്ടാകുന്നത്. ഈ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകളില്‍ വര്‍ക്ക് ആയ കുറേ സീനുകളുണ്ട്.

അതിന് പുറമെ ഒരുപാട് സീനുകളും എക്സ്പ്രഷനുകളും ഉണ്ടായിരുന്നു. അതൊക്കെ ഗിരീഷേട്ടന്‍ തൂക്കി കളഞ്ഞു. ആദി കൃഷ്ണനായി വരുന്ന ആ പാട്ടില്‍ ഞങ്ങളുടെ റിയാക്ഷനെ കുറിച്ച് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. സ്‌ക്രിപ്റ്റില്‍ ആകെ എഴുതിയിരുന്നത് അമല്‍ ഡേവിസും സച്ചിനും ഇത് കണ്ട് പൊളിയുന്നു എന്ന് മാത്രമാണ്.

സീനില്‍ റീനു ഡാന്‍സ് കളിക്കുന്നു, ആദി കൃഷ്ണനായി വരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അവിടെ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങളായിട്ട് തന്നെ സെറ്റ് ചെയ്ത റിയാക്ഷനായിരുന്നു അത്. ആ സീന്‍ കണ്ട് തിയേറ്ററില്‍ എല്ലാവരും കൂവി കൊല്ലുമെന്നും ഇവന്മാര് എന്താണ് ഈ കാണിക്കുന്നതെന്ന് ചോദിക്കുമെന്നും കരുതി.

എന്നാല്‍ സീന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ഗിരീഷേട്ടന്‍ വലിയ ചിരിയായിരുന്നു. അതില്‍ വേറെയും കുറേ റിയാക്ഷനുകള്‍ ഉണ്ടായിരുന്നു. അതില്‍ നല്ലത് മാത്രം കട്ട് ചെയ്താണ് ഗിരീഷേട്ടന്‍ ഇട്ടത്,’ നസ്‌ലെന്‍ പറഞ്ഞു.


Content Highlight: Naslen Talks About Premalu Movie Scene With Sangeeth Prathap

We use cookies to give you the best possible experience. Learn more