മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയുടെ സംവിധായകനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലും ഈ അടുത്തിടെ ഇറങ്ങി ബമ്പര്‍ ഹിറ്റായ പ്രേമലുവിലും നസ്‌ലെന്‍ അഭിനയിച്ചിരുന്നു. തണ്ണീര്‍ മത്തന്‍ എന്ന സിനിമയിലെ തന്റെ ആദ്യ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ തന്റെ ആദ്യ ഷോട്ട് സിനിമ ഇറങ്ങിയപ്പോള്‍ അതില്‍ വന്നിട്ടില്ലായിരുന്നെന്നും ആ ഷോട്ട് സിനിമയില്‍ ഉപയോഗിച്ചില്ലെന്നും നസ്‌ലെന്‍ പറയുന്നു. ഒരു പാട്ടുസീനിന് വേണ്ടി എടുത്തതായിരുന്നു അതെന്നും ജെയ്സന്റെ വീട്ടില്‍ പോയിട്ട് അവന്റെ അപ്പനുമായി സംസാരിക്കുന്ന ഷോട്ടായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ എന്റെ ആദ്യത്തെ ഷോട്ട് സിനിമയില്‍ വന്നിട്ടില്ല. അവര്‍ എന്റെ ഷോട്ട് ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ജെയ്സന്റെ വീട്ടില്‍ പോയിട്ട് അവന്റെ അപ്പനുമായി സംസാരിച്ചിരുന്ന ഷോട്ട് ആയിരുന്നു അത്. അതായിരുന്നു സിനിമയിലെ എന്റെ ആദ്യത്തെ ഷോട്ട്. ഒരു പാട്ടു സീനിലോ മറ്റോ വരേണ്ടതായിരുന്നു അത്,’ നസ്‌ലെന്‍ പറയുന്നു.
നസ്‌ലെന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ ആം കാതലനാണ്. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ എട്ടിന് ഐ ആം കാതലന്‍ തിയേറ്ററുകളിലെത്തും.