|

എനിക്ക് കിട്ടുന്നതെല്ലാം നാണം കുണുങ്ങിയായിട്ടുള്ള ഇന്‍ട്രോവേര്‍ട്ട് ക്യാരക്ടറുകളാണ്: നസ്ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഗിരീഷ് എ.ഡി മലയാളികള്‍ക്ക് പരിജയപ്പെടുത്തിയ നസ്ലെന്‍ വളരെ വേഗത്തില്‍ തിരക്കുള്ള താരമായി മാറി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ പ്രേമലുവിലും നായകന്‍ നസ്ലെനാണ്.

നസ്ലെനെ നായകനാക്കി തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ലുക്ക്മാന്‍, ഗണപതി, അനഘ രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബോക്സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും.

ഇപ്പോള്‍ ആലപ്പുഴ ജിംഖാനയെന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്ലെന്‍. ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പോലൊരു വേഷം താന്‍ ഇതുവരെയും ചെയ്തിട്ടില്ലെന്ന് നസ്ലെന്‍ പറയുന്നു. താന്‍ ഇതുവരെ ചെയ്തതെല്ലാം നാണം കുണുങ്ങിയായ ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ആയിരുന്നുവെന്നും നസ്ലന്‍ പറഞ്ഞു.

ഭയങ്കര ഓണ്‍ ആയിട്ടുള്ള ഒരു ക്യാരക്ടറാണ് ഇത്

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ആലപ്പുഴ ജിംഖാനയിലേതെന്നും മൂന്ന് നായികമാരൊക്കെ ഉള്ള വളരെ ഓണ്‍ ആയിട്ടുള്ള കഥാപാത്രങ്ങളാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജിംഖാനയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നസ്ലെന്‍.

‘ആലപ്പുഴ ജിംഖാന എന്ന സിനിമയിലെ ജോജോ എന്ന കഥാപാത്രത്തെപ്പോലൊരു വേഷം ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ല. കാരണം എനിക്ക് കിട്ടുന്നതെല്ലാം നാണം കുണുങ്ങിയായിട്ടുള്ള ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള ക്യാരക്ടറുകളാണ്.

പക്ഷെ ഈ ചിത്രത്തിലെ എന്റെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള ക്യാരക്ടറാണ്. മൂന്ന് നായികമാരൊക്കെ ഉള്ള, ഭയങ്കര ഓണ്‍ ആയിട്ടുള്ള ഒരു ക്യാരക്ടറാണ് ഇത്,’ നസ്ലെന്‍ പറയുന്നു.

Content Highlight: Naslen talks about his character in Alappuzha Gymkhana Movie

Video Stories