| Sunday, 28th April 2024, 4:35 pm

പ്രേമലു കണ്ട് ഫഹദിക്ക വിളിച്ചു; അന്ന് ഇക്കയുടെ ആ സര്‍പ്രൈസ് വരുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നസ്‌ലെന്‍ നായകനായി എത്തി വലിയ വിജയമായ ചിത്രമായിരുന്നു പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തില്‍ മമിത ബൈജുവായിരുന്നു നായികയായി എത്തിയത്.

മികച്ച റോം-കോം എന്റര്‍ടൈനറായ ചിത്രം ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരോടൊപ്പം ഫഹദ് ഫാസിലാണ് ചിത്രം നിര്‍മിച്ചത്.

പ്രേമലുവിന്റെ റിലീസിന് ശേഷം ഫഹദ് ഫാസില്‍ വിളിച്ചിരുന്നു എന്ന് പറയുകയാണ് നസ്‌ലെന്‍. സിനിമയിലെ തന്റെയും മമിതയുടെയും ഡയലോഗ് ഫഹദും നസ്രിയയും റീല്‍ ചെയ്ത അതേ ദിവസം തന്നെയാണ് താരം തന്നെ വിളിച്ചതെന്നും നസ്‌ലെന്‍ പറയുന്നു. ക്യൂ സ്റ്റൂഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആ റീല്‍ തനിക്കും മറ്റുള്ളവര്‍ക്കും ഒരു സര്‍പ്രൈസായിരുന്നുവെന്നും നസ്‌ലെന്‍ പറഞ്ഞു.

‘പ്രേമലുവിന്റെ റിലീസിന് ശേഷം ഫഹദിക്ക വിളിച്ചിരുന്നു. ആ സമയത്ത് ഇക്ക പടം കണ്ടിരുന്നില്ല. പടം എന്തായാലും കാണും, കണ്ടിട്ട് പറയാമെന്ന് ഫഹദിക്ക പറഞ്ഞു. അതിന്റെ ഇടയില്‍ ഇക്ക പ്രേമലുവിന്റെ റീല്‍ ചെയ്തിരുന്നു. അതേ ദിവസമായിരുന്നു എന്നെ വിളിച്ചത്. അങ്ങനെ ഒരു റീല്‍ വരുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

അത് ഒരു സര്‍പ്രൈസ് ആയിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അത് സര്‍പ്രൈസായിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ഗിഫ്റ്റ് എന്ന നിലയില്‍ തന്നതായിരുന്നു ആ റീല്‍. ഞാന്‍ പറഞ്ഞ ഡയലോഗ് ഫഹദിക്ക പറയുന്നത് കണ്ടതോടെ എനിക്ക് അയ്യോ എന്നായി. അന്ന് വിളിച്ചപ്പോള്‍ കുറച്ച് സമയം മാത്രമാണ് സംസാരിച്ചത്,’ നസ്‌ലെന്‍ പറഞ്ഞു.

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കണ്ട ശേഷം താന്‍ ഫഹദിനെ വിളിച്ചിരുന്നെന്നും നസ്‌ലെന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്നോട് സംസാരിക്കുന്നതിന്റെ ഇടയില്‍ അല്ലു അര്‍ജുന്‍ പ്രേമലു കണ്ട് അഭിപ്രായം പറഞ്ഞതിനെ കുറിച്ച് ഫഹദ് പറഞ്ഞിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ആവേശം കണ്ടപ്പോള്‍ ഞാന്‍ ഫഹദിക്കയെ വിളിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചതാണ്. പിന്നെ ആ സിനിമയില്‍ അഭിനയിച്ച മിഥുന്‍ ജയശങ്കര്‍, ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍ക്ക് ഞാന്‍ മെസേജ് ഇട്ടിരുന്നു. ജിത്തു ചേട്ടനും (സംവിധായകന്‍) മെസേജിട്ടു. സജിന്‍ ഗോപു ചേട്ടനെ വിളിച്ചു സംസാരിക്കുകയും ചെയ്തു.

ആദ്യ ദിവസം തന്നെ കണ്ട സിനിമയാണ് ആവേശം. ഒരുപാട് ഇഷ്ടമാകുകയും ചെയ്തു. അങ്ങനെയാണ് ഞാന്‍ ഫഹദിക്കയെ വിളിക്കുന്നത്. ഇക്കയെ വിളിച്ചപ്പോള്‍ പ്രേമലുവിനെ കുറിച്ച് പറഞ്ഞത്, അല്ലു അര്‍ജുന്‍ ആ സിനിമ കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു എന്നാണ്. പുഷ്പയുടെ ഷൂട്ടിങ്ങിന്റെ ഇടയിലായിരുന്നു അത്. അവിടെയും പ്രേമലു ഒരു ചര്‍ച്ചയാകുന്നുണ്ട്,’ നസ്‌ലെന്‍ പറഞ്ഞു.


Content Highlight: Naslen Talks About Fahadh Faasil And Nazriya’s Reel

Latest Stories

We use cookies to give you the best possible experience. Learn more