ഒരു ദിവസത്തെ ഷൂട്ടിങ്; പാളി കഴിഞ്ഞാല്‍ വളരെ വൃത്തികേടാകുന്ന സീനായിരുന്നു അത്: നസ്‌ലെന്‍
Entertainment
ഒരു ദിവസത്തെ ഷൂട്ടിങ്; പാളി കഴിഞ്ഞാല്‍ വളരെ വൃത്തികേടാകുന്ന സീനായിരുന്നു അത്: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th April 2024, 9:38 am

മമിത ബൈജു – നസ്‌ലെന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു പ്രേമലു. ഏറെ നാളിന് ശേഷം മലയാളത്തില്‍ വന്ന മികച്ച റൊമാന്റിക് കോമഡി എന്റര്‍ടൈനറായിരുന്നു ചിത്രം. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാകാന്‍ പ്രേമലുവിന് സാധിച്ചിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്. പ്രേമലുവിന്റെ അവസാന ഭാഗത്ത് ടെറസില്‍ വെച്ചുള്ള ആദിയുമായുള്ള സീനിനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍.

ഒന്ന് പാളി കഴിഞ്ഞാല്‍ വളരെ വൃത്തികേടാകുന്ന സീനായിരുന്നു അതെന്നാണ് താരം പറയുന്നത്. എന്നാല്‍ സംവിധായകന്‍ ഗിരീഷ് എ.ഡിക്ക് ആ സീനിനെ കുറിച്ച് നല്ല ഐഡിയ ഉണ്ടായിരുന്നെന്നും നസ്‌ലെന്‍ പറഞ്ഞു. ക്യൂ സ്റ്റൂഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘വളരെ രസകരമായി ചെയ്ത സീനായിരുന്നു അത്. ഞങ്ങളെ അതിനായി വളരെ ഫ്രീയായി പെര്‍ഫോം ചെയ്യാന്‍ വിട്ടിരുന്നു. പിന്നെ നല്ല വൃത്തിക്ക് ഞങ്ങളുടെ പരിപാടികള്‍ കവര്‍ ചെയ്തിട്ടുണ്ട്. അജ്മലും ഗിരീഷേട്ടനും ചേര്‍ന്നാണ് അത് സെറ്റ് ചെയ്തത്. ഒന്ന് പാളി കഴിഞ്ഞാല്‍ വളരെ വൃത്തികേടാകുന്ന സീനായിരുന്നു ഇത്.

ഇവരുടെ കളിയാക്കലുകളും മറ്റും കണ്ട് സിനിമ കാണുന്ന ആളുകള്‍ക്കാണ് ചിരി വരേണ്ടത്. പിന്നെ ഗിരീഷേട്ടന് നല്ല ഐഡിയയുള്ള സീനായിരുന്നു അത്. ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സീനായിരുന്നു. വൈകുന്നേരം ആറ് മണി മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെയുള്ള സമയം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു,’ നസ്‌ലെന്‍ പറഞ്ഞു.

പ്രേമലുവില്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ട കോമ്പോയായിരുന്നു സച്ചിന്‍ – അമല്‍ ഡേവിസ് കോമ്പോ. ഏത് മൊമന്റ് മുതലാണ് തനിക്കും സംഗീതിനും ഇടയിലുള്ള കെമിസ്ട്രി വര്‍ക്കാകുമെന്ന് തോന്നിയത് എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നു.

‘അത് ഗ്രാജുവലി ഉണ്ടാകുന്നതാണ്. ആദ്യത്തെ ഒരാഴ്ച്ചയൊക്കെ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ഇടയില്‍ ഒരു കണക്ഷന്‍ ഉണ്ടാകുന്നത്. ഈ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകളില്‍ വര്‍ക്ക് ആയ കുറേ സീനുകളുണ്ട്. അതിന് പുറമെ ഒരുപാട് സീനുകളും എക്‌സ്പ്രഷനുകളും ഉണ്ടായിരുന്നു. അതൊക്കെ ഗിരീഷേട്ടന്‍ തൂക്കി കളഞ്ഞു,’ നസ്‌ലെന്‍ പറഞ്ഞു.


Content Highlight: Naslen Talks About Climax Scene In Premalu