ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ ഈയിടെ ഇറങ്ങിയ ഒരു ചിത്രമായിരുന്നു അഡിയോസ് അമിഗോ. നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്ത സിനിമയില്‍ സമൂഹത്തിലെ രണ്ട് ധ്രുവങ്ങളിലുള്ള രണ്ട് അപരിചിതര്‍ പരിചയത്തിലാകുന്ന കഥയാണ് പറഞ്ഞിരുന്നത്.
ആസിഫ് അലിയുടെ മികച്ച പ്രകടനം കാണാന്‍ സാധിച്ച ചിത്രത്തില്‍ ആസിഫിന്റെ ഗെറ്റപ്പും ഡയലോഗ് ഡെലിവറിയും ചര്‍ച്ചയായിരുന്നു. പറവൂര്‍ സ്ലാങ്ങാണ് സിനിമയില്‍ താന്‍ സംസാരിക്കുന്നതെന്നും അതിന് റഫറന്‍സായി എടുത്തത് യുവനടന്‍ നസ്‌ലെന്റെ സിനിമകളാണെന്നും ആസിഫ് അലി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.
തനിക്ക് നന്നായി അറിയുന്ന ജീവിച്ചിരിക്കുന്ന പറവൂര്‍കാരന്‍ നസ്‌ലെന്‍ ആണെന്നായിരുന്നു അന്ന് ആസിഫ് പറഞ്ഞത്. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍. ആസിഫ് അലി തന്നെ കുറിച്ച് അങ്ങനെ പറഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് നടന്‍ പറയുന്നത്.
തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ആസിഫെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളരെ അധികം ആസ്വദിച്ച ആളാണ് താനെന്നും നസ്‌ലെന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ആസിഫിക്ക എന്നെ കുറിച്ച് പറഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇവരുടെയൊക്കെ സിനിമകള്‍ കണ്ട് വളരെ അധികം ആസ്വദിച്ച ആളാണ് ഞാന്‍. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ഇക്ക. അവരൊക്കെ നമ്മളുടെ വര്‍ക്ക് കാണുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. അതിന് ഞാന്‍ നന്ദി പറയുന്നു,’ നസ്‌ലെന്‍ പറയുന്നു.
Content Highlight: Naslen Talks About Asif Ali