തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. മലയാളത്തില്‍ എത്തിയ മികച്ച റോം-കോം എന്റര്‍ടൈനറായാണ് ചിത്രത്തെ കണക്കാക്കുന്നത്.
മമിത ബൈജു – നസ്ലെന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരോടൊപ്പം ഫഹദ് ഫാസിലാണ് ചിത്രം നിര്‍മിച്ചത്.
ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കണ്ട ശേഷം താന്‍ ഫഹദിനെ വിളിച്ചിരുന്നെന്ന് പറയുകയാണ് നസ്‌ലെന്‍. തന്നോട് സംസാരിക്കുന്നതിന്റെ ഇടയില്‍ അല്ലു അര്‍ജുന്‍ പ്രേമലു കണ്ട് അഭിപ്രായം പറഞ്ഞതിനെ കുറിച്ച് ഫഹദ് പറഞ്ഞിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റൂഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.
‘ആവേശം കണ്ടപ്പോള്‍ ഞാന്‍ ഫഹദിക്കയെ വിളിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചതാണ്. പിന്നെ ആ സിനിമയില്‍ അഭിനയിച്ച മിഥുന്‍ ജയശങ്കര്‍, ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍ക്ക് ഞാന്‍ മെസേജ് ഇട്ടിരുന്നു. ജിത്തു ചേട്ടനും (സംവിധായകന്‍) മെസേജിട്ടു. സജിന്‍ ഗോപു ചേട്ടനെ വിളിച്ചു സംസാരിക്കുകയും ചെയ്തു.
ആദ്യ ദിവസം തന്നെ കണ്ട സിനിമയാണ് ആവേശം. ഒരുപാട് ഇഷ്ടമാകുകയും ചെയ്തു. അങ്ങനെയാണ് ഞാന്‍ ഫഹദിക്കയെ വിളിക്കുന്നത്. ഇക്കയെ വിളിച്ചപ്പോള്‍ പ്രേമലുവിനെ കുറിച്ച് പറഞ്ഞത്, അല്ലു അര്‍ജുന്‍ ആ സിനിമ കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു എന്നാണ്. പുഷ്പയുടെ ഷൂട്ടിങ്ങിന്റെ ഇടയിലായിരുന്നു അത്. അവിടെയും പ്രേമലു ഒരു ചര്‍ച്ചയാകുന്നുണ്ട്,’ നസ്‌ലെന്‍ പറഞ്ഞു.
പ്രേമലുവിന് തെലുങ്ക് ബോക്സ് ഓഫീസില്‍ മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ആ സിനിമക്ക് ശേഷം തെലുങ്കില്‍ നിന്ന് ഓഫര്‍ വന്നിട്ടുണ്ടെന്നും നസ്‌ലെന്‍ അഭിമുഖത്തില്‍ പറയുന്നു. പക്ഷേ തനിക്ക് തെലുങ്ക് അറിയില്ലെന്നും ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ കിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പ്രേമലുവിന് ശേഷം തെലുങ്കില്‍ നിന്നൊക്കെ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെലുങ്ക് അറിയണ്ടേ. ആ ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ നമുക്ക് അതിന്റെ ഇമോഷന്‍ കിട്ടില്ല. എനിക്ക് ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ ഫീല്‍ ചെയ്യണം.
തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും കോളുകള്‍ വരുന്നുണ്ട്. കൂട്ടുകാരന്‍ കഥാപാത്രത്തിലേക്കാണ് കൂടുതലും കോള്‍ വരുന്നത്. ഒരു ഗ്രൂപ്പ് പറഞ്ഞത് അമല്‍ ഡേവിസിനെ പോലെയുള്ള കഥാപാത്രമാണ് എന്നാണ്. ഞാന്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാമെന്ന തീരുമാനത്തിലാണ്. അത്രയും നല്ലതായ, അല്ലെങ്കില്‍ നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വരികയാണെങ്കില്‍ ചെയ്യാം,’ നസ്‌ലെന്‍ പറഞ്ഞു.
Content Highlight: Naslen Talks About Allu Arjun’s Comment After Watching Premalu