ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്.
നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, ശ്യാം മോഹൻ തുടങ്ങി യുവതാരങ്ങൾ അണിനിരന്ന ചിത്രം തെലുങ്കിലും തമിഴിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. സംവിധായകൻ രാജമൗലിയടക്കമുള്ള പ്രമുഖർ സിനിമയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.
നൂറ് കോടിയും കടന്ന് സിനിമ വമ്പൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. നസ്‌ലെൻ അവതരിപ്പിച്ച സച്ചിൻ എന്ന കഥാപാത്രം യു.കെയിലോട്ട് പോവുന്നിടത്താണ് പ്രേമലു അവസാനിച്ചത്. പ്രേമലു 2 നെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെൻ.
ചിത്രത്തെ കുറിച്ച് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും പ്രേമലുവിന്റെ ഷൂട്ടിനിടയിൽ തമാശയായി പ്രേമലു 2നെ കുറിച്ച് പറയുമായിരുന്നുവെന്നും നസ്‌ലെൻ പറയുന്നു.
രണ്ടാം ഭാഗം യു. കെയിൽ വെച്ചെല്ലാം ഷൂട്ട് ചെയ്യുകയാണെങ്കിൽ നന്നായിരിക്കുമെന്നും തമാശരൂപേണ നസ്‌ലെൻ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.
‘പ്രേമലുവിന്റെ ഷൂട്ടിങ് സമയത്തും ഷൂട്ടിങ് ഒരു പകുതിയായപ്പോഴുമെല്ലാം ഇതിനെ പറ്റി തമാശയായി ഞങ്ങൾ പറയുമായിരുന്നു. നമ്മൾ വെറുതെ ഓരോ കഥകൾ പറയുമല്ലോ. സച്ചിൻ പോയിട്ടുള്ള കാര്യവും, റീനുവിന്റെ കാര്യവുമെല്ലാം. അങ്ങനെ ചുമ്മാ പ്രേമലു 2 എന്നൊക്കെ പറയുമായിരുന്നു.
പിന്നെ ഇത്രയും വലിയ സക്സസ് കൂടി ചിലപ്പോൾ ഗിരീഷ് ഏട്ടന്റെ ഉള്ളിൽ ഉണ്ടായിട്ടുണ്ടാവും. അങ്ങനെയൊരു ചിന്ത ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. യു. കെയിലാണോ ഷൂട്ട് എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെയാണെങ്കിൽ അടിപൊളി,’നസ്‌ലെൻ പറഞ്ഞു.
Content Highlight: Naslen Talk About Premalu2 Movie