ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്.
നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, ശ്യാം മോഹൻ തുടങ്ങി യുവതാരങ്ങൾ അണിനിരന്ന ചിത്രം തെലുങ്കിലും തമിഴിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. സംവിധായകൻ രാജമൗലിയടക്കമുള്ള പ്രമുഖർ സിനിമയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.
സിനിമയുടെ വിജയാഘോഷത്തിനിടയിൽ രാജമൗലിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് നസ്‌ലെൻ. പ്രേമലു തെലുങ്കിലേക്ക് ഡബ്ബ് ചെയ്തപ്പോൾ അവിടുത്തെ പ്രേക്ഷകർക്ക് കണക്ട് ആവുന്ന രീതിയിൽ വൃത്തിയായിട്ടാണ് ചെയ്തതെന്നും രാജമൗലി തന്നെ അഭിനന്ദിക്കുകയാണെന്ന് ആദ്യം തന്നെ മനസിലായെന്നും നസ്‌ലെൻ പറയുന്നു.
എന്നാൽ ചിത്രത്തിലെ ഒരു ആക്ഷൻ തന്നോട് വേദിയിൽ ചെയ്യാൻ പറയുമെന്ന് കരുതിയില്ലെന്നും ചെറിയ കാര്യങ്ങൾ പോലും രാജമൗലി ശ്രദ്ധിക്കുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നസ്‌ലെൻ പറഞ്ഞു.
‘തെലുങ്ക് ഓഡിയൻസിന് മനസിലാവുന്ന രീതിയിൽ മാറ്റിയിട്ട് നല്ല വൃത്തിക്കാണ് അവരത് ചെയ്തിട്ടുള്ളത്. അവിടുത്തെ പ്രേക്ഷകർക്ക് കണക്റ്റ് ആവുന്ന തരത്തിൽ. അന്ന് രാജമൗലി സാറിന്റെ കൂടെ ഞാൻ നിൽക്കുന്ന വീഡിയോ കണ്ടാൽ മനസിലാവും. ഞാൻ നല്ല ടെൻഷൻ ആയിട്ടാണ് നിൽക്കുന്നത്.
പുള്ളി എന്നെ അഭിനന്ദിക്കുകയാണെന്ന് മനസിലായിരുന്നു. പക്ഷെ ചിത്രത്തിലെ ആ ആക്ഷൻ എന്നോട് റിപ്പീറ്റായി കാണിക്കാൻ പറയുമെന്ന് ഞാൻ കരുതിയില്ല.
അദ്ദേഹം സിനിമയിലെ വളരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ എനിക്ക് വലിയ അത്ഭുതമായിരുന്നു,’നസ്‌ലെൻ പറയുന്നു.’
Content Highlight: Naslen Talk About Experience With Rajamouli