| Wednesday, 6th November 2024, 7:48 pm

അഞ്ച് വര്‍ഷം കഴിഞ്ഞാലും ആ ഒരു കാര്യം ഉറപ്പായും വേണമെന്നാണ് എന്റെ ആഗ്രഹം: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിലൊരാളാണ് നസ്‌ലെന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലൂടെ നസ്‌ലെന്റെ ഫാന്‍ബേസ് വലുതായിരിക്കുകയാണ്. പ്രേമലു കാരണം ആന്ധ്രയിലും നസ്‌ലെന് ആരാധകരേറെയാണ്. സാക്ഷാല്‍ രാജമൗലി വരെ നസ്‌ലെനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും നസ്‌ലെനും ഒന്നിക്കുന്ന ചിത്രമായ ഐ ആം കാതലന്‍ റിലീസിന് തയാറെടുക്കുകയാണ്.

അഞ്ച് വര്‍ഷം കൊണ്ട് സ്വപനതുല്യമായ നേട്ടമാണ് നസ്‌ലെന്‍ മലയാളസിനിമയില്‍ ഉണ്ടാക്കിയെടുത്തത്. അഞ്ച് വര്‍ഷത്തിന് ശേഷം കരിയര്‍ എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നസ്‌ലെന്‍. ഇപ്പോഴുള്ളതിനെക്കാള്‍ താഴെപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് നസ്‌ലെന്‍ പറഞ്ഞു. നല്ല സിനിമകള്‍ മാത്രം സെലക്ട് ചെയ്യുക എന്നാതാണ് തന്റെ ആഗ്രഹമെന്നും ആ വഴിയിലൂടെയാണ് പോകുന്നതെന്ന ബോധ്യമുണ്ടെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രമായ ഐ ആം കാതലന്‍ അതിനുള്ള തുടക്കമാണെന്നും താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണെന്നും നസ്‌ലെന്‍ പറഞ്ഞു. നെയ്മറിന്റെ ഷൂട്ടിനിടയിലാണ് ഗിരീഷ് തന്നോട് കാതലന്റെ കഥ പറഞ്ഞതെന്നും കഥ കേട്ടപ്പോള്‍ തന്നെ വെറൈറ്റി ട്രാക്കെന്ന എക്‌സൈറ്റ്‌മെന്റിലാണ് ഈ സിനിമ ചെയ്തതെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു. രേഖാ മേനോനോട് സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.

‘നെയ്മറിന്റെ ഷൂട്ടിനിടയിലാണ് ഗിരീഷേട്ടന്‍ എന്നോട് ഐ ആം കാതലന്റെ കഥ പറയാന്‍ വന്നത്. ഞാന്‍ ഇതുവരെ ചെയ്യാത്ത ടൈപ്പ് കഥയാണെന്ന് കേട്ടപ്പോള്‍ തന്നെ മനസിലായി. ഞാന്‍ ചുമ്മാ തള്ളുന്നതാണെന്ന് പലരും പറയുമെങ്കിലും അതാണ് സത്യം. പ്രേമവും കോമഡിയുമൊക്കെ കുറച്ചിട്ട് സ്വല്പം ത്രില്ലര്‍ ട്രാക്കിലാണ് ഈ കഥ പോവുന്നത്. അതാണ് എന്നെ എക്‌സൈറ്റ് ചെയ്ത പോയിന്റും.

സിനിമയിലെത്തി അഞ്ച് വര്‍ഷത്തിനിടയില്‍ 16 സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ഇനി അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്ന് താഴോട്ട് പോകരുതെന്ന് നിര്‍ബന്ധമുണ്ട്. നല്ല സിനിമകള്‍ മാത്രം സെലക്ട് ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. അതിന്റെ ഫസ്റ്റ് സ്റ്റെപ്പാണ് ഐ ആം കാതലന്‍. ഇനി വരാനുള്ള ആലപ്പുഴ ജിംഖാനയായാലും അത് കഴിഞ്ഞ് മോളിവുഡ് ടൈംസായാലും അത്തരത്തിലുള്ള പ്രൊജക്ടുകളാണ്,’ നസ്‌ലെന്‍ പറയുന്നു.

Content Highlight: Naslen shares about his future projects

We use cookies to give you the best possible experience. Learn more