| Sunday, 21st April 2024, 9:00 pm

അന്ന് ആ തിയേറ്ററിലുണ്ടായത് ഭീകരമായ അനുഭവം; ഒന്ന് സംസാരിക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ല്‍ തിയേറ്ററില്‍ എത്തി റെക്കോഡുകള്‍ സൃഷ്ടിച്ച ചിത്രമാണ് പ്രേമലു. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു.

ഒരുപാട് നാളിന് ശേഷം മലയാളത്തില്‍ എത്തിയ മികച്ച റോമാന്റിക് -കോമഡി എന്റര്‍ടൈനറാണ് ചിത്രം. നസ്ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം തെലുങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ നേടിയിരുന്നു.

കേരളത്തിലെ തിയേറ്റില്‍ ചിത്രം കണ്ടപ്പോള്‍ ഉണ്ടായ അനുഭവവും തെലുങ്കിലെ തിയേറ്ററില്‍ കണ്ടപ്പോളുണ്ടായ അനുഭവവും എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നസ്‌ലെന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രേമലു തെലുങ്ക് തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കേരളത്തില്‍ നിന്ന് കണ്ട ഫീല്‍ അല്ലായിരുന്നു ലഭിച്ചത്. ഞങ്ങളെ കൊണ്ട് ഒന്ന് സംസാരിക്കാന്‍ പോലും അവിടെയുള്ള ഓഡിയന്‍സ് സമ്മതിച്ചില്ല. അവിടെ മല്ലികാര്‍ജുന എന്ന തിയേറ്ററില്‍ പോയപ്പോള്‍ ഭീകരമായ ഒരു അനുഭവമാണ് ഉണ്ടായത്.

അവിടെ 800 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഹൗസ് ഫുള്ളായിരുന്നു. അവിടേക്ക് ഇന്റര്‍വെല്ലിനാണ് ഞങ്ങള്‍ കയറി ചെല്ലുന്നത്. പടം കഴിയാതെയാണ് ഞങ്ങള്‍ പോകുന്നത്. സത്യം പറഞ്ഞാല്‍ അവര് ഞങ്ങളെ അന്ന് മിണ്ടാന്‍ സമ്മതിച്ചിട്ടില്ല.

‘ഹേയ് സച്ചിന്‍ റീനു എവിടെ’ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള ആളുകളാണ് എന്താണ് അവര്‍ പറയുന്നതെന്ന് എനിക്ക് പറഞ്ഞു തന്നത്. നമുക്ക് ഭാഷ അറിയില്ലല്ലോ. തെലുങ്ക് ഇപ്പോള്‍ കുറച്ചൊക്കെ മനസിലാകും. എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് എന്ന് പിക്ക് ചെയ്യാന്‍ പറ്റുന്നുണ്ട്. കളിയാക്കുകയാണോ എന്നൊക്കെ മനസിലാകും,’ നസ്‌ലെന്‍ പറഞ്ഞു.

മമിത ബൈജുവിനും നസ്‌ലെനും പുറമെ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും പ്രേമലുവില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്‌സ് നേടിയത് രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരുന്നു. രാജമൗലി എന്താണ് തന്നോട് സംസാരിച്ചതെന്നും നസ്‌ലെന്‍ അഭിമുഖത്തില്‍ പറയുന്നു.

‘പബ്ലിക് ഫങ്ക്ഷനില്‍ അല്ലാതെ രാജമൗലി സാര്‍ നേരിട്ട് വന്ന് സംസാരിച്ചിരുന്നു. ‘നന്നായി ചെയ്തിട്ടുണ്ട്. നല്ല ഫ്യൂച്ചറുണ്ട്. ഇപ്പോള്‍ ചെയ്യുന്ന പരിപാടികളുമായി തന്നെ മുന്നോട്ട് തുടര്‍ന്ന് പോകണം’ എന്നാണ് അദ്ദേഹം പറഞ്ഞത്,’ നസ്‌ലെന്‍ പറഞ്ഞു.


Content Highlight: Naslen Share His Experience In Malligarjuna Theatre

We use cookies to give you the best possible experience. Learn more