മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്നസ്ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഗിരീഷ് എ.ഡി മലയാളികള്‍ക്ക് പരിജയപ്പെടുത്തിയ നസ്ലെന്‍ വളരെ വേഗത്തില്‍ തിരക്കുള്ള താരമായി മാറി.
നസ്ലെന്‍ നായകനായി ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ചിത്രമാണ് പ്രേമലു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഇറങ്ങിയ റോം കോം ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമായ ഒന്നാണ്. പ്രേമലുവിന് ശേഷം നസ്ലെനും ഗിരീഷ് എ.ഡിയും വീണ്ടും ഒന്നിച്ച ഐ ആം കാതലന്‍ നവംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയിരുന്നു.
മമ്മൂട്ടി പ്രേമലു കണ്ടിട്ടുണ്ടെന്ന് പറയുകയാണ് നസ്ലെന്‍. പ്രേമലു എന്ന സിനിമക്ക് ശേഷം ഫിലിം ഇന്‍ഡസ്ട്രിയിലുള്ള സീനിയേഴ്‌സ് കുറച്ച് കൂടി അടുത്ത് ഇടപഴകാന്‍ തുടങ്ങിയെന്ന് നസ്ലെന്‍ കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്ക പ്രേമലു കണ്ടിരുന്നു. മമ്മൂക്ക ആ ചിത്രം കണ്ടുകഴിഞ്ഞിട്ട് ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങോട്ട് ഒന്നും ചോദിച്ചിട്ടും ഇല്ല. അദ്ദേഹം കണ്ടുവെന്ന് ഞാന്‍ അറിഞ്ഞു.
പ്രേമലുവിന് ശേഷം സിനിമ ഇന്‍ഡസ്ട്രിയില്‍ സീനിയേഴ്‌സ്, അല്ലെങ്കില്‍ നമ്മള്‍ ബഹുമാനിക്കുന്ന ആളുകള്‍ ഒക്കെ എന്നെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളോട് കുറച്ച് കൂടെ അടുത്ത് പെരുമാറുന്നതായി ഫീല്‍ ചെയ്യാന്‍ തുടങ്ങിട്ടുണ്ട്. അവരുമായിട്ട് ഇടപഴകുമ്പോഴായാലും നമുക്കത് ശരിക്കും അറിയാന്‍ കഴിയും,’ നസ്ലെന്‍ പറയുന്നു.
ആദ്യ സിനിമയായ തണ്ണീര്‍ മത്തന്‍ ദിനങ്ങളെ കുറിച്ചും നസ്ലെന്‍ സംസാരിച്ചു. ചിത്രത്തിലെ തന്റെ ആദ്യത്തെ ഷോട്ട് സിനിമയിറങ്ങി കഴിഞ്ഞപ്പോള്‍ ഇല്ലായിരുന്നെന്ന് താരം കൂട്ടിച്ചേര്‍ത്തു.
‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ എന്റെ ആദ്യത്തെ ഷോട്ട് സിനിമയില്‍ വന്നിട്ടില്ല. അവര്‍ എന്റെ ഷോട്ട് ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ജെയ്‌സന്റെ വീട്ടില്‍ പോയിട്ട് അവന്റെ അപ്പനുമായി സംസാരിച്ചിരുന്ന ഷോട്ട് ആയിരുന്നു അത്. അതായിരുന്നു സിനിമയിലെ എന്റെ ആദ്യത്തെ ഷോട്ട്. ഒരു പാട്ടു സീനിലോ മറ്റോ വരേണ്ടതായിരുന്നു അത്,’നസ്ലെന്‍ പറയുന്നു.
Content Highlight: Naslen Says Mammootty Watched His Film Pemalu