ഏറെ നാളിന് ശേഷം മലയാളത്തില്‍ എത്തിയ മികച്ച റോം-കോം എന്റര്‍ടൈനറായിരുന്നു പ്രേമലു. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ചിത്രത്തില്‍ മമിത ബൈജു – നസ്‌ലെന്‍ എന്നിവരായിരുന്നു ഒന്നിച്ചത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം തെലുങ്ക് ബോക്‌സ് ഓഫീസിലും മികച്ച അഭിപ്രായങ്ങളായിരുന്നു സ്വന്തമാക്കിയത്. പ്രേമലുവിന് ശേഷം തെലുങ്കില്‍ നിന്ന് ഓഫര്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് നസ്‌ലെന്‍.
പക്ഷേ തനിക്ക് തെലുങ്ക് അറിയില്ലെന്നും ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ കിട്ടില്ലെന്നും താരം പറയുന്നു. തനിക്ക് ഡയലോഗ് പറയുമ്പോള്‍ ഇമോഷന്‍ ഫീല്‍ ചെയ്യണമെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റൂഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തെലുങ്കിന് പുറമെ തമിഴില്‍ നിന്നും ഓഫര്‍ വന്നിട്ടുണ്ടെന്നും കൂട്ടുകാരന്റെ കഥാപാത്രത്തിലേക്കാണ് കൂടുതലും കോള്‍ വരുന്നതെന്നും നസ്‌ലെന്‍ പറഞ്ഞു. എന്നാല്‍ താന്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാമെന്ന തീരുമാനത്തിലാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.
‘പ്രേമലുവിന് ശേഷം തെലുങ്കില്‍ നിന്നൊക്കെ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെലുങ്ക് അറിയണ്ടേ. ആ ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ നമുക്ക് അതിന്റെ ഇമോഷന്‍ കിട്ടില്ല. എനിക്ക് ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ ഫീല്‍ ചെയ്യണം.
തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും കോളുകള്‍ വരുന്നുണ്ട്. കൂട്ടുകാരന്‍ കഥാപാത്രത്തിലേക്കാണ് കൂടുതലും കോള്‍ വരുന്നത്. ഒരു ഗ്രൂപ്പ് പറഞ്ഞത് അമല്‍ ഡേവിസിനെ പോലെയുള്ള കഥാപാത്രമാണ് എന്നാണ്. ഞാന്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാമെന്ന തീരുമാനത്തിലാണ്. അത്രയും നല്ലതായ, അല്ലെങ്കില്‍ നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വരികയാണെങ്കില്‍ ചെയ്യാം,’ നസ്‌ലെന്‍ പറഞ്ഞു.
Content Highlight: Naslen Says He Gets Offers From Telugu Movies