മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള യുവനടന്മാരില് ഒരാളാണ് നസ്ലെന്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ഗിരീഷ് എ.ഡി മലയാളികള്‍ക്ക് പരിയപ്പെടുത്തിയ നസ്ലെന് വളരെ വേഗത്തില്‍ തിരക്കുള്ള താരമായി മാറി. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും നസ്ലെന് ശ്രദ്ധ നേടി. സാക്ഷാല്‍ രാജമൗലി വരെ നസ്ലെനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നസ്ലെനും ഗിരീഷ് എ.ഡിയും വീണ്ടും ഒന്നിക്കുന്ന ഐ ആം കാതലന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
മലയാളത്തിന് പുറത്ത് മറ്റുഭാഷകളില്‍ നസ്ലെന് ഭാഗമായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗുഡ് ബാഡ് അഗ്ലിയില്‍ നസ്ലെനും ഭാഗമാകുന്നുവെന്നായിരുന്നു റൂമറുകള്‍. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് അതിനെപ്പറ്റി ഔദ്യോഗികമായി ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ അത്തരം റൂമറുകളോട് പ്രതികരിക്കുകയാണ് നസ്ലെന്.
ആ സിനിമയില്‍ താനും ഉണ്ടെന്ന തരത്തില്‍ കുറെ വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ തനിക്കും അതിനെപ്പറ്റി കൂടുതലായി അറിയില്ലെന്നും നസ്ലെന് പറഞ്ഞു. കൂടുതല്‍ പറയാനോ അതിനെപ്പറ്റി ഉറപ്പുവരുത്താനോ ആയിട്ടില്ലെന്നും നസ്ലെന് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് ശേഷം മാത്രമേ അതിലേക്ക് കടക്കാന്‍ കഴിയുള്ളൂവെന്നും ഡേറ്റുകള്‍ ഉറപ്പായിട്ടില്ലെന്നും നസ്ലെന് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നസ്ലെന്.
‘കുറെ ന്യൂസ് ഞാനും കണ്ടിരുന്നു. അജിത് സാറിന്റെ ഗുഡ് ബാഡ് അഗ്ലിയില്‍ ഞാനും ഉണ്ടെന്നും, എന്റെ തമിഴ് എന്ട്രിയാണെന്നൊക്കെ പറഞ്ഞിട്ട്. പക്ഷേ ആ കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് വന്നിട്ടില്ല. അതിനെപ്പറ്റി എനിക്കും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം, അതില്‍ ഇപ്പോഴും ഒരു ഉറപ്പ് വന്നിട്ടില്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന മോളിവുഡ് ടൈംസ്, ആലപ്പുഴ ജിംഖാന പോലുള്ള സിനിമകള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.
അതിന്റെയൊക്കെ ഡേറ്റും ആ തമിഴ് സിനിമയുടെ ഡേറ്റുമൊക്കെ ക്ലാഷാകാതെ ഇരുന്നാല്‍ മാത്രമേ എനിക്ക് അത് ചെയ്യാന്‍ പറ്റൂ. അതുവരെ ആ സിനിമയെപ്പറ്റി പറയാന്‍ കഴിയില്ല. ഇവിടെയുള്ള പ്രൊജക്ട് തീര്‍ന്നിട്ടേ അതിലേക്ക് പോകാന്‍ പറ്റുള്ളൂ എന്ന് മാത്രമേ പറയാന്‍ കഴിയൂ. ചിലപ്പോള്‍ മാത്രമേ അത് സംഭവിക്കുള്ളൂ,’ നസ്ലെന് പറയുന്നു.
Content Highlight: Naslen reacts to the question that is he the part of Good Bad Ugly movie