| Thursday, 12th September 2024, 5:19 pm

ദുൽഖർ സൽമാന്റെ നിർമാണത്തിൽ നായകനാവാൻ നസ്‌ലെൻ, നായിക കല്യാണി പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രത്തിൻ്റെ പൂജ നടന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം അരുൺ ഡൊമിനിക്കാണ്.

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും ദുൽഖർ പറഞ്ഞു.

ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ കലാസംവിധായകൻ -ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മെൽവി.ജെ, അർച്ചന റാവു,

സ്റ്റിൽസ്- രോഹിത്. കെ. സുരേഷ്, അമൽ.കെ. സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പി.ആർ.ഒ – ശബരി

ഈ വർഷത്തെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ പ്രേമലുവായിരുന്നു അവസാനമായി ഇറങ്ങിയ നസ്‌ലെന്റെ സിനിമ. മമിത ബൈജു നായികയായ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം നൂറ് കോടിയോളം കളക്ഷൻ നേടിയിരുന്നു. തല്ലുമാലയ്‌ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് നസ്‌ലെൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഹൃദയം എന്ന സൂപ്പർ ഹിറ്റിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷമാണ് കല്യാണിയുടെ ഈ മുമ്പത്തെ സിനിമ. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രവും ഈ വർഷത്തെ വിജയ സിനിമകളിൽ ഒന്നായിരുന്നു.

Content Highlight: Naslen And Kalyani Priyadarshan Do A Film With Dulqure Salman’s Production

We use cookies to give you the best possible experience. Learn more