റിപ്പീറ്റ് വാല്യൂവുള്ള സിനിമകൾ കുറയുന്നതായി തോന്നിയിട്ടില്ല, ആ സംവിധായകന്റെ സിനിമകൾ ഉദാഹരണം: നസ്‌ലെൻ
Entertainment
റിപ്പീറ്റ് വാല്യൂവുള്ള സിനിമകൾ കുറയുന്നതായി തോന്നിയിട്ടില്ല, ആ സംവിധായകന്റെ സിനിമകൾ ഉദാഹരണം: നസ്‌ലെൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th November 2024, 9:02 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെൻ. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.

ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്. പ്രേമലുവിന് ശേഷം ഗിരീഷും നസ്‌ലെനും ഒന്നിക്കുന്ന ഐ .ആം കാതലൻ റിലീസിനൊരുങ്ങുകയാണ്.

മലയാളത്തിൽ റിപ്പീറ്റ് വാല്യൂ സിനിമകൾ കുറയുന്നതായി തനിക്ക് തോന്നാറില്ലെന്ന് പറയുകയാണ് നസ്‌ലെൻ. പ്രേമലുവിനും ഗിരീഷ് എ.ഡിയുടെ സിനിമകൾക്കും റിപ്പീറ്റഡ് ഓഡിയൻസുണ്ടെന്നും പുതിയ സിനിമകൾ റിലീസ് സമയത്ത് തന്നെ കാണാൻ ശ്രമിക്കാറുണ്ടെന്നും നസ്‌ലെൻ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ മലയാളം സിനിമകളാണ് കൂടുതൽ കാണുക. മലയാളം, തമിഴ്, തെലുങ്ക് ഒക്കെ കാണാറുണ്ട്. പഴയതും കാണും ഇപ്പോൾ ഇറങ്ങുന്ന പുതിയ സിനിമകളും കാണും. പുതിയ സിനിമകൾ റിലീസിങ് ടൈമിൽ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. അതിന് സമയം കണ്ടെത്താറുണ്ട്.

അതുപോലെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഒരുപാട് സിനിമകൾ കാണാറുണ്ട്. മലയാളത്തിൽ റിപ്പീറ്റ് വാല്യൂവുള്ള സിനിമകൾ കുറയുന്നതായി എനിക്ക് തോന്നിയിട്ടില്ല. കാരണം ഇപ്പോൾ അതിനനുസരിച്ചുള്ള സിനിമകൾ വരുന്നുണ്ട്. പ്രേമലുവിനാണെങ്കിലും അല്ലെങ്കിൽ ഗിരീഷ് ഏട്ടന്റെ പടങ്ങൾക്കാണെങ്കിലും വലിയൊരു വിഭാഗം പ്രേക്ഷകർ പറയുന്നത് നല്ല റിപ്പീറ്റ് വാല്യൂ ഉണ്ടെന്നാണ്.

ഞങ്ങളുടെ പടം മാത്രമല്ല. മറ്റുള്ളവരുടെ സിനിമകളും അങ്ങനെയാണ്. പിന്നെ ഈ സിനിമയിൽ മാത്യൂസ് ഇല്ല. ഞങ്ങൾ എപ്പോഴും കോൺടാക്ട് ഉള്ള ആളുകളാണ്. ഇപ്പോൾ രണ്ടാളുകളും ഷൂട്ടിന്റെ തിരക്കില്ലായത് കൊണ്ട് കുറച്ചായി കണ്ടിട്ട്. ഷൂട്ടൊക്കെ കഴിഞ്ഞ് ഫ്രീയായി ഇരിക്കുമ്പോൾ ഞാനാണെങ്കിലും അവനാണെങ്കിലും ഒന്നിച്ചു കൂടാറുണ്ട്,’നസ്‌ലെൻ പറയുന്നു.

Content Highlight: Naslen about gireesh A.d