Entertainment
ആ നടിയുടെ പെയറായി അഭിനയിക്കാൻ ആഗ്രഹമുണ്ട്, പ്രേമലു 2 ഒരു റീ യൂണിയനായിരിക്കും: നസ്‌ലെൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 02, 02:05 pm
Saturday, 2nd November 2024, 7:35 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.

ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്. ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.

നസ്‌ലെൻ, മമിത ബൈജു, സംഗീത് പ്രതാപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് പിന്നീട് രണ്ടാംഭാഗവും പ്രഖ്യാപിച്ചിരുന്നു. താൻ പ്രേമലുവിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് നസ്‌ലെൻ. എല്ലാവരുടെയും ഒരു റീ യൂണിയന് വേണ്ടി കാത്തിരിക്കുകയാണെന്നും താനും മമിതയും നല്ല സുഹൃത്തുക്കളാണെന്നും നസ്‌ലെൻ പറഞ്ഞു.

നടി അനശ്വര രാജനൊപ്പം പെയറായി ഒരു സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും നസ്‌ലെൻ മൈൽസ്റ്റോൺ മേക്കേർസിനോട് പറഞ്ഞു.

‘അനശ്വരയോടൊപ്പം പെയറായി ഒരു സിനിമ ചെയ്താൽ കൊള്ളാമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞങ്ങൾ മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും പെയറായി അഭിനയിച്ചിട്ടില്ല.

അതുപോലെ മമിത നല്ല അടിപൊളിയാണ്. ഞങ്ങൾ നല്ല അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ ഞങ്ങൾ പ്രേമലുവിന്റെ രണ്ടാംഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു റീ യൂണിയന് വേണ്ടിയാണ്. മമിത, സംഗീത് എല്ലാവരും വേണം,’നസ്‌ലെൻ പറയുന്നു.

അതേസമയം പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും നസ്ലെനും ഒന്നിച്ച ഐ ആം കാതലൻ റിലീസിന് ഒരുങ്ങുകയാണ്. തല്ലുമാല എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയിലാണ് നസ്ലൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

Content Highlight: Naslen About Anaswara rajan And Premalu 2 Movie