തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് നസ്‌ലന്‍ കെ. ഗഫൂര്‍. സിനിമയിലെ നസ്‌ലന്‍ ചെയ്ത മെല്‍വിന്‍ എന്ന കഥാപാത്രവും ഡയലോഗുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത കാലത്തായി മലയാളസിനിമയിലെ കൗമാരക്കാരുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് നസ്‌ലന്‍.
ഈയടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലേയും ഹോമിലേയും കുരുതിയിലേയുമെല്ലാം നസ്‌ലന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പത്രോസിന്റെ പടപ്പുകളാണ് നസ്‌ലന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരമിപ്പോള്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് നസ്‌ലന്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
തണ്ണീര്‍മത്തനിലേയോ ഹോമിലേയോ പോലെ ഒരുപാട് ഡയലോഗുകളും സ്‌ക്രീന്‍ പ്രസന്‍സുമുള്ള കഥാപാത്രമല്ല പത്രോസിന്റെ പടപ്പുകളിലേതെന്നാണ് നസ്‌ലന്‍ പറയുന്നത്.
‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പോലെയോ ഹോമിലെ പോലെയോ ഒത്തിരി ഡയലോഗുകളോ സ്‌ക്രീന്‍ പ്രസന്‍സോ ഉള്ള കഥാപാത്രമല്ല പത്രോസിന്റെ പടപ്പുകളിലേത്. ഡിനോയ് ചേട്ടന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ അനിയനായിട്ടാണ് സിനിമയില്‍. പത്രോസിന്റെ മൂന്നാമത്തെ മകനാണ്,’ താരം പറയുന്നു.
പത്രോസിന്റെ പടപ്പുകളില്‍ താന്‍ ചെയ്യുന്നത് ഒരു കള്ളന്‍ ഷെയ്ഡുള്ള കഥാപാത്രമാണെന്നും നസ്‌ലന്‍ പറഞ്ഞു.
‘ഒരു കുഞ്ഞു പോത്തിനെയാണ് സിനിമയില്‍ എന്റെ കഥാപാത്രം അടിച്ചുകൊണ്ട് പോകുന്നത്. ട്രെയ്‌ലര്‍ കണ്ട് കുറേ പേര്‍ മെസേജ് അയച്ചിരുന്നു. സിനിമയില്‍ കള്ളനായിട്ടാണോ എത്തുന്നതെന്നാണ് എല്ലാവരും ചോദിച്ചത്. കള്ളനാണോ ചോദിച്ചാല്‍ ആവശ്യങ്ങള്‍ നടത്താനാണ് മോഷ്ടിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും എന്തൊക്കയോ കുഴപ്പങ്ങളുണ്ട്,’ നസ്‌ലന്‍ കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്നും താരം പറഞ്ഞു.
‘കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. വരുന്ന സ്‌ക്രിപ്റ്റുകളും അത്തരത്തിലുള്ളതാണ്. വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം,’ നസ്‌ലന്‍ പറയുന്നു.
മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫാണ് പത്രോസിന്റെ പടപ്പുകള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്‌ലന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം ജനപ്രിയ പ്രോഗ്രാമായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്. ഒ.പി.എം ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്.
ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍- സംഗീത് പ്രതാപ്.
Content Highlights: Naslan says about his role in Pathrosinte Padappukal