മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെൻ. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.
ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്. ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.
നിരവധി കോമഡി രംഗങ്ങളുള്ള ചിത്രത്തിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഒരു സീനായിരുന്നു ദേവരാഗം എന്ന ചിത്രത്തിലെ ‘യ യ യ യാദവാ’ എന്ന ഗാനം പ്ലേസ് ചെയ്ത രംഗം. ആ സീനിലുള്ള റിയാക്ഷൻസൊക്കെ താനും സംഗീത് പ്രതാപും കയ്യിൽ നിന്നിട്ടതാണെന്നും സ്ക്രിപ്റ്റിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും നസ്‌ലൻ പറയുന്നു. തിയേറ്ററിൽ ഏറ്റവും കൂവൽ കിട്ടുമെന്ന് കരുതിയ രംഗമായിരുന്നു അതെന്നും നസ്‌ലെൻ ക്യൂ സ്റ്റുഡിയോയോട് പറഞ്ഞു.
‘പ്രേമലുവിലെ ആ കൃഷ്ണന്റെ പാട്ട് സീനിലെ, അതിൽ ഞാനും സംഗീതും കാണിക്കുന്ന റിയാക്ഷനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നു. പക്ഷെ സ്ക്രിപ്റ്റിൽ അതില്ലായിരുന്നു. സ്ക്രിപ്റ്റിൽ അമൽ ഡേവിസും സച്ചിനും അവരുടെ ഡാൻസ് കണ്ട് പൊളിയുന്നു എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ.
ഞങ്ങൾ സ്ക്രിപ്റ്റ് വായിച്ചപ്പോൾ മമിതയും ശ്യാമേട്ടനും ഡാൻസ് കളിക്കുന്ന സീനാണ് ശ്യാമേട്ടൻ കൃഷ്ണൻ മമിത രാധ. എനിക്കും സംഗീതിനും അവിടെ ഒന്നും ചെയ്യാനില്ല സത്യം പറഞ്ഞാൽ. അപ്പോൾ ഞങ്ങൾ തന്നെ ഒരു കൊറിയോ സെറ്റ് ചെയ്ത് ഉണ്ടാക്കിയ റിയാക്ഷൻസാണത്.
ഞങ്ങൾ കരുതിയത് തിയേറ്ററിൽ ആളുകൾ കൂവി കൊല്ലും എന്നാണ്. അങ്ങനെ ചെയ്ത റിയാക്ഷനാണത്. പക്ഷെ ഞങ്ങൾ ഇത് ചെയ്ത് കഴിഞ്ഞപ്പോൾ ഗിരീഷേട്ടൻ നന്നായിട്ട് ചിരിക്കുന്നുണ്ടായിരുന്നു. അതിൽ വേറെയും കുറെ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. അതിൽ നിന്ന് കുറെ കട്ട് ചെയ്ത് നല്ലത് മാത്രമാണ് ഗിരീഷേട്ടൻ സിനിമയിലേക്ക് എടുത്തത്,’നസ്‌ലൻ പറയുന്നു.
Content Highlight: Naslan About Premalu Movie Comody Scenes